റേഗെൻസ്ബുർഗ്: ജർമനിയിലെ ബയേൺ റീജിയണിലെ സീറോമലബാർ യുവജനങ്ങളെ വിശ്വാസത്തിലും ആത്മീയതയിലും ഒന്നിപ്പിച്ചുകൊണ്ട് സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവെെഎം) ബയേൺ റീജിയണൽ ടീമിന്റെ ആഭിമുഖ്യത്തിൽ റേഗെൻസ്ബുർഗ് സെന്റ് സിസിലിയ ദേവാലയത്തിൽ സംഘടിപ്പിച്ച നൈറ്റ് വിജിലും പ്രെയ്സ് പാർട്ടിയും ശ്രദ്ധേയമായി.
ബയേൺ മേഖലയിലെ വിവിധ നഗരങ്ങളിൽ നിന്നും ഇടവകകളിൽ നിന്നുമായി 230-ഓളം യുവതീയുവാക്കളാണ് ആത്മീയ ഉണർവ് പകർന്നുനൽകിയ ഈ സംഗമത്തിൽ ഒത്തുചേർന്നത്.
ആത്മീയ ചൈതന്യം പകർന്ന് സംഗമം: യൂറോപ്പിലെ സീറോമലബാർ യൂത്ത് ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കൽ സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുകയും ചെയ്തു.
യുവമനസുകളെ സ്പർശിച്ച ആത്മീയ പ്രഭാഷണങ്ങൾ, സംഗീതരാത്രി, ആരാധനയും സ്തുതിപ്പുകളും, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, യുവജനങ്ങൾക്കായി ഒരുക്കിയ വിവിധ കർമ്മപദ്ധതികൾ എന്നിവ നൈറ്റ് വിജിലിന് സവിശേഷമായ ആത്മീയ ഉണർവ് പകർന്നു.