ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
റേഗെൻസ്ബുർഗ്: ജർമനിയിലെ ബയേൺ റീജിയണിലെ സീറോമലബാർ യുവജനങ്ങളെ വിശ്വാസത്തിലും ആത്മീയതയിലും ഒന്നിപ്പിച്ചുകൊണ്ട് സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവെെഎം) ബയേൺ റീജിയണൽ ടീമിന്റെ ആഭിമുഖ്യത്തിൽ റേഗെൻസ്ബുർഗ് സെന്റ് സിസിലിയ ദേവാലയത്തിൽ സംഘടിപ്പിച്ച നൈറ്റ് വിജിലും പ്രെയ്സ് പാർട്ടിയും ശ്രദ്ധേയമായി.
ബയേൺ മേഖലയിലെ വിവിധ നഗരങ്ങളിൽ നിന്നും ഇടവകകളിൽ നിന്നുമായി 230-ഓളം യുവതീയുവാക്കളാണ് ആത്മീയ ഉണർവ് പകർന്നുനൽകിയ ഈ സംഗമത്തിൽ ഒത്തുചേർന്നത്.
ആത്മീയ ചൈതന്യം പകർന്ന് സംഗമം: യൂറോപ്പിലെ സീറോമലബാർ യൂത്ത് ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കൽ സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുകയും ചെയ്തു.
യുവമനസുകളെ സ്പർശിച്ച ആത്മീയ പ്രഭാഷണങ്ങൾ, സംഗീതരാത്രി, ആരാധനയും സ്തുതിപ്പുകളും, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, യുവജനങ്ങൾക്കായി ഒരുക്കിയ വിവിധ കർമ്മപദ്ധതികൾ എന്നിവ നൈറ്റ് വിജിലിന് സവിശേഷമായ ആത്മീയ ഉണർവ് പകർന്നു.

എസ്എംവൈഎം ബയേൺ യൂത്ത് ഡയറക്ടർ ബിജിആർ ഫാ. ആന്റണി കൂട്ടുമ്മേൽ, ജോസഫ് വില്ലന്താനത്ത്, ആനിമേറ്റർ സിസ്റ്റർ മരിയ സിഎംസി, ബവേറിയ റീജിയണൽ കോഓർഡിനേറ്റർ കുര്യാക്കോസ് മർക്കോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ച് യുവജനങ്ങളെ അഭിസംബോധന ചെയ്യുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
ബവേറിയയിലെ വിവിധ മലയാളി കുർബാന കേന്ദ്രങ്ങളിൽ നിന്നുള്ള വൈദികരും സന്യസ്തരും സംഗമത്തിൽ സന്നിഹിതരായിരുന്നു.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും വിശ്വാസവും സഭാപാരമ്പര്യങ്ങളും മുറുകെപ്പിടിച്ച് മുന്നേറാൻ യുവതലമുറയ്ക്ക് പ്രചോദനമേകുന്നതായിരുന്നു റേഗെൻസ്ബുർഗിൽ നടന്ന ഈ സംഗമം.
സൗഹൃദവും ഒത്തൊരുമയും ഊട്ടിയുറപ്പിച്ച ഈ കൂട്ടായ്മ പങ്കെടുത്ത മുഴുവൻ യുവജനങ്ങളിലും അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്.
Tags : SMYMBayernRegion NightVigil Devotion NRINews