ജർമനി പതാക
ബെർലിൻ: ഉയർന്ന ജീവിതച്ചെലവിനെതിരേ ഫ്രാൻസിലും ഇറ്റലിയിലും വലിയ തോതിലുള്ള കലാപങ്ങളും പ്രതിഷേധങ്ങളും കൊള്ളയും തുടരുകയാണ്.
ഫ്രാൻസിൽ മാത്രം 5,50,000-ത്തോളം ആളുകൾ തെരുവിലിറങ്ങുകയും അക്രമ സംഭവങ്ങളിൽ 1,800-ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നൂറുക കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
ചരിത്രപ്രസിദ്ധമായ റൗണ്ട് ഹൗസ് കത്തുന്നു
ഫ്രാൻസിലെ ലിമോഗസ് നഗരത്തിൽ പ്രതിഷേധത്തിനിടയിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം ചരിത്രപ്രസിദ്ധമായ മുൻസിപ്പൽ കെട്ടിടത്തിന് തീയിട്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
നാസി ജർമനിക്കെതിരേ പോരാടിയ ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ പ്രമുഖ കേന്ദ്രമായിരുന്നു ഈ കെട്ടിടം. പാരീസ്, മാർസൈൽ, ലിയോൺ തുടങ്ങിയ പ്രധാന നഗരങ്ങളിലും കനത്ത അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഫ്രാൻസിന് പുറമെ ഇറ്റലിയുടെ ഫാഷൻ തലസ്ഥാനമായ മിലാനിലും ഞായറാഴ്ച രാത്രി കനത്ത സംഘർഷങ്ങളും അക്രമങ്ങളും അരങ്ങേറി. കുറഞ്ഞത് 160 പേരെയാണ് അവിടെ അറസ്റ്റ് ചെയ്തത്.
യൂറോപ്പിന്റെ സുരക്ഷയ്ക്ക് കനത്ത ഭീഷണി: വിദഗ്ധർ
ഈ അക്രമങ്ങൾക്ക് പിന്നിൽ സമാധാനപരമായ പ്രതിഷേധക്കാരല്ലെന്നും മറിച്ച് അക്രമണോത്സുകരായ ഇടത് തീവ്രവാദികളും ചില കുടിയേറ്റ ഗ്രൂപ്പുകളുമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സ്കൂൾ വിദ്യാർഥികളുടെ പ്രതിഷേധങ്ങളെ ഈ തീവ്രവാദ ഗ്രൂപ്പുകൾ ബോധപൂർവം ഹൈജോക്ക് ചെയ്യുകയായിരുന്നു എന്ന് തീവ്രവാദ വിദഗ്ധനായ അഹ്മദ് മൻസൂർ വ്യക്തമാക്കി. ഈ അക്രമങ്ങൾ ജർമനിയിലേക്കും പടരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.
ജർമനിയിലും സമാനമായ സാഹചര്യം സൃഷ്ടിക്കാൻ ചില ഇടത് തീവ്രവാദ ഗ്രൂപ്പുകൾ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും സ്കൂളുകളിൽ നിലവിലുള്ള ചെറിയ അസ്വസ്ഥതകൾ പെട്ടെന്ന് തന്നെ വലിയ സംഘർഷങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർധിച്ചുവരുന്ന ജീവിതച്ചെലവും കുടിയേറ്റ പ്രശ്നങ്ങളും
ഫ്രാൻസിലെയും യൂറോപ്പിലെയും നിലവിലെ പ്രതിസന്ധികൾക്ക് കാരണം കൃത്യതയില്ലാത്ത കുടിയേറ്റ നയങ്ങളാണെന്ന് ഫ്രാങ്ക്ഫർട്ട് സർവകലാശാലയിലെ ഇസ്ലാം വിദഗ്ധയായ സുസാനെ ശ്രോറ്റർ ചൂണ്ടിക്കാട്ടുന്നു.
ചില നഗരങ്ങളിലെ വലിയ പ്രദേശങ്ങൾ സലഫിസ്റ്റ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണെന്നും ഇത് ജനാധിപത്യ സമൂഹത്തിന് വലിയ ഭീഷണിയാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
വർധിച്ചുവരുന്ന ജീവിതച്ചെലവ്, ഉയർന്ന വാടക, സാമ്പത്തിക പ്രതിസന്ധികൾ, തൊഴിലവസരങ്ങളുടെ കുറവ് എന്നിവയും ജനങ്ങളെ നിരാശരാക്കുന്നുണ്ട്.
സമൂഹത്തിൽ നിലനിൽക്കുന്ന ഈ അരക്ഷിതാവസ്ഥ യൂറോപ്പിന്റെ നിലനിൽപ്പിന് തന്നെ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Tags : Germany Europe RisingTensions GlobalConflict SecurityAlert WorldNews