തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിനെ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
സ്ത്രീ പ്രവേശന നടപടി കാലത്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന തന്നെയും എഡിജിപി എസ്. ശ്രീജിത്തിനെയും ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന പത്മകുമാറിന്റെ ആരോപണമാണ് പിണറായി വിജയൻ തള്ളിയത്. മുഖ്യമന്ത്രിതലത്തിൽ അത്തരത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നായിരുന്നു പിണറായിയുടെ മറുപടി.
പത്മകുമാറിനെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചാൽ ചില കാര്യങ്ങൾ തുറന്നു പറയുമെന്ന ഭീഷണിയിലും പിണറായി വിജയൻ പ്രതികരിച്ചു. പാർട്ടി ആലോചിക്കുന്ന കാര്യം നടപ്പിൽ വരുത്തുമെന്നായിരുന്നു പിണറായിയുടെ മറുപടി. എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി പത്മകുമാർ ആത്മകഥ എഴുതുമെന്നതു ശ്രദ്ധയിൽപെടുത്തിയപ്പോൽ അതിൽ പുതുമയൊന്നുമില്ലെന്നും എല്ലാവരും ആത്മകഥ എഴുതാറുണ്ടെന്നുമായിരുന്നു മറുപടി.
ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണ വിധേയരായ സ്മാർട്ട് ക്രിയേഷൻസിനു വേണ്ടി കോടതിയിലും പുറത്തും ഹാജരായ അഡ്വ. കെ.ബി. പ്രദീപിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്പെഷൽ പ്ലീഡറാക്കിയപ്പോൾ, ഏതെങ്കിലും പേപ്പറുകൾ ഇദ്ദേഹം കൈക്കലാക്കിയോ എന്ന കാര്യത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് പിണറായി വിജയൻ പറഞ്ഞു.
ദേവസ്വം സ്പെഷൽ പ്രോസിക്യൂട്ടറായി ഇരുന്ന ദിവസമോ മണിക്കൂറുകളോ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കടലാസുകൾ അദ്ദേഹം കൈക്കലാക്കിയോ എന്നു പ്രത്യേകമായി അന്വേഷിക്കണം. ഇദ്ദേഹത്തെ നിയമിച്ചതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കു തന്നെയാണ്.
വി.ഡി. സതീശന്റെ മംഗലാപുരം യാത്രയിൽ ഒപ്പം സ്വർണക്കൊള്ള കേസിൽ പോലീസ് ചോദ്യം ചെയ്തയാളും ഒപ്പമുണ്ടായിരുന്നുവെന്നത് അതീവ ഗൗരവതരമാണ്. എങ്ങനെയാണ് അദ്ദേഹത്തിന് ഒപ്പം പോകാൻ ഇടയായതെന്നു മുഖ്യമന്ത്രി വിശദീരിക്കണം. ഏതെങ്കിലും കോണ്ഗ്രസ് നേതാവിന്റെ കുടുംബവീട് സന്ദർശിക്കാൻ പോയെന്ന വിശദീകരണം തൃപ്തികരമല്ല. നിയമനം റദ്ദാക്കിയതു കൊണ്ടുമാത്രം എല്ലാ വിവാദവും അവസാനിച്ചെന്നു കരുതേണ്ടതില്ല.
ശബരിമല സ്വർണക്കൊള്ള കേസിൽ ചെന്നൈ കേന്ദ്രമായുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് എല്ലാവർക്കും അറിയാം. പങ്കജ് ഭണ്ഡാരി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമാണ്.
സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്നു കെ.ബി. പ്രദീപ്. സ്വർണം പൂശിയ ചെന്പു പാളികളാണ് സ്വർണം പൂശാനായി ശബരിമലയിൽനിന്നു കൊണ്ടുപോയതെന്നു പറയുന്പോൾ ചെന്പുപാളികൾ മാത്രമാണ് സ്വർണം പൂശനായി കൊണ്ടുപോതെന്ന വിശദീകരണമായിരുന്നു പ്രദീപ് നൽകിയത്.
സ്വർണക്കൊള്ളക്കേസ് അട്ടിമറിക്കാൻ അണിയറയിൽ ശ്രമം നടക്കുന്നതിന്റെ തുടക്കമാണിത്. മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു ഫയൽ രൂപപ്പെടില്ല.
അഡ്വക്കേറ്റ് ജനറൽ ശിപാർശ ചെയ്യുന്നവരുടെ പട്ടികയാണ് നിയമവകുപ്പിനു കൈമാറുന്നത്. നിയമവകുപ്പ് പരിശോധിച്ചു നിയമമന്ത്രിയും കണ്ട ശേഷമാണ് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറുന്നത്. മുഖ്യമന്ത്രിയും കണ്ട ശേഷമാണ് ഫയൽ മന്ത്രിസഭയിലേക്കു വരുന്നത്.