Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SabarimalaTemple

'ഭഗവാനെ സേവിക്കാനുള്ള അവസരം വലിയ പുണ്യം; സാമ്പത്തിക ഇച്ഛയോടെ ഒന്നും ചെയ്യില്ല': ശബരിമല മേൽശാന്തി

ശബരിമല: വലിയ പ്രതീക്ഷയാണ് ഇത്തവണ ഉണ്ടായിരുന്നതെന്ന് ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. പഴവങ്ങാടി ഗണപതി ഭഗവാന്‍റെ വലിയൊരു അനുഗ്രഹം ഉണ്ടായിരുന്നു. ഒരു വര്‍ഷക്കാലം ഭഗവാനെ സേവിക്കാനുള്ള അനുഗ്രഹം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. തിങ്കളാഴ്ച തന്നെ ഭഗവാനെ ദര്‍ശിക്കാൻ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

അതേസമയം, സാമ്പത്തികമായുള്ള ഇച്ഛയോടെ യാതൊന്നും ചെയ്യില്ലെന്നും തനിക്ക് ജീവിക്കാൻ ഭഗവാൻ ആവശ്യത്തിന് എല്ലാം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭഗവാനെ സേവിക്കാനുള്ള ഈ അവസരം വലിയ പുണ്യമായി കാണുന്നു. പൂജിച്ചിരുന്ന ദേവന്മാരുടെയെല്ലാം അനുഗ്രഹം എനിക്കുണ്ടാകും. അതെല്ലാം കരുത്തായുണ്ടാകും. മഹാഭാഗ്യമായി കരുതുന്നുവെന്നും സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു.

തിരുവനന്തപുരം പുളിമൂട് സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മുമ്പും മൂന്നുതവണ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി പട്ടികയിലെത്തിയിരുന്നു

അതേസമയം, ഗുരുനാഥന്‍റെ അനുഗ്രഹം, സജ്ജനങ്ങളുടെ പ്രാർഥന, സഹപ്രവർത്തകരുടെ പ്രോത്സാഹനം എന്നിവയാണ് ഈ ഭഗവൽ പ്രസാദത്തിന് കാരണമെന്ന് മാളികപ്പൂറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എ. ദാമോദരൻ നമ്പൂതിരി പറഞ്ഞു. കോഴിക്കോട് വടകര സ്വദേശിയാണ് ദാമോദരൻ നമ്പൂതിരി.

2015 മുതലാണ് അപേക്ഷിച്ച് തുടങ്ങിയത്. തുടർച്ചയായ അഞ്ച് വർഷമായി ലിസ്റ്റിൽ വരാറുണ്ട്. ഇന്നിപ്പോൾ അമ്മ തിരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്‌ച സോപാനത്തും മാളികപ്പുറം ക്ഷേത്രത്തിലുമായി പകൽ 7.30ന് നടന്ന നറുക്കെടുപ്പിലാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തത്. പന്തളം നാലുകെട്ട് കൊട്ടാരത്തിലെ വി. അർജുനന്‍റെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത്‌ ശർമദ ആർ. വർമയുടെയും മകനായ ദേവനന്ദനാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്.

തൃപ്പൂണിത്തുറ ലക്ഷ്‌മി വിലാസം പാലസിൽ മൈഥിലിരാജ– രഞ്‌ജിത്ത് രാജൻ ദമ്പതികളുടെ മകൾ അനശ്വരയാണ്‌ മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്. വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.

Latest News

Corehub Up