Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SabuMJacob

'തെലുങ്കാന സർക്കാരിന്‍റെ ഒരു ഭൂമി പോലും ഈട് വച്ചിട്ടില്ല, കോടതി ഉത്തരവ് ലംഘിച്ച് വ്യാജ വാർത്ത നൽകുന്നു': സാബു ജേക്കബ്

‌കൊച്ചി: തെലുങ്കാന സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി ഈടുവച്ച് പണം തട്ടി എന്നതടക്കമുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി കിറ്റക്സ് എംഡിയും ട്വന്‍റി20 പാർട്ടി നേതാവുമായ സാബു എം. ജേക്കബ്, തനിക്കും കിറ്റക്‌സ് ഗ്രൂപ്പിനുമെതിരെ ഒരു വാർത്തകളും നൽകരുതെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് റിപ്പോർട്ടർ ചാനൽ വ്യാജ വാർത്തകൾ സംപ്രേഷണം ചെയ്തിരിക്കുന്നതെന്ന് സാബു ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെലുങ്കാന സർക്കാരിന്‍റെ സ്ഥലം ഈടുവച്ച് 2000 കോടി തട്ടി, 90 വർഷത്തേക്ക് ലീസ് തന്ന സ്ഥലം 3000 കോടി വില കാണിച്ച് തട്ടിപ്പ് നടത്തി, എസ്ബിഐയിൽ നിന്നും 2000 കോടി കടമെടുത്തു, ഷെയർ ഹോൾഡേഴ്‌സിന്‍റെ അനുമതിയില്ലാതെ കടമെടുത്തു, തെലുങ്കാന കമ്പനിയും കിറ്റക്സ് ഗാർമെന്‍റ്സും മെർജ് ചെയ്യാൻ തീരുമാനിച്ചു എന്നീ ആരോപണങ്ങൾ വ്യാജമാണെന്ന് സാബു ജേക്കബ് വ്യക്തമാക്കി.

തെലുങ്കാന സർക്കാർ 90 വർഷത്തേക്ക് ലീസ് തന്ന സ്ഥലത്തിന്‍റെ വില 3,000 കോടിയായി കാണിച്ച്, 2,000 കോടി തട്ടിയെടുത്തു എന്നാണ് പറഞ്ഞിരിക്കുന്നത്. തെലങ്കാന സർക്കാരിന്‍റെ ഒരിഞ്ച് ഭൂമി പോലും ഒരു ബാങ്കിനും ഈടായി കൊടുത്തിട്ടില്ല. തെലുങ്കാന സർക്കാരിൽ നിന്ന് 187.2 ഏക്കർ സ്ഥലം, ഒരേക്കറിന് 20 ലക്ഷം രൂപ നിരക്കിൽ വാങ്ങുകയാണ് ചെയ്‌തത്. അതിനായി 38 കോടി രൂപ തെലുങ്കാന സർക്കാറിന് കൊടുത്തു.

2,000 കോടി രൂപ ലോൺ എടുത്തുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. കിറ്റക്‌സ് അപ്പാരൽ പാർക്കിന് 1,043 കോടിയാണ് ലോൺ എടുത്തിരിക്കുന്നത്. ഒമ്പതു വർഷം കൊണ്ടാണ് അത് തിരിച്ചടക്കേണ്ടത്. കൃത്യമായി ഓരോ മാസങ്ങളിലായി അത് തിരിച്ചടച്ചു. 995 കോടി രൂപയാണ് ഇനി തിരിച്ചടയ്ക്കാൻ ബാക്കിയുള്ളത് എന്ന് ബാങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

എസ്ബിഐയിൽ നിന്നാണ് ഏറ്റവും കൂടുതൽ ലോൺ എടുത്തിരിക്കുന്നത്, എസ്ബിഐക്കാണ് കൂടുതൽ നഷ്ടം എന്നാണ്. കിറ്റക്‌സ് അപ്പാരലൽ ലിമിറ്റഡിന് യാതൊരു വായ്‌പയും നൽകിയിട്ടില്ലെന്ന് എസ്ബിഐ പറഞ്ഞിട്ടുണ്ട്. എന്നാൽ 900 കോടി കടമെടുത്തുവെന്നാണ് റിപ്പോർട്ടർ ചാനൽ പറയുന്നത്.

ഷെയർ ഹോൾഡേഴ്‌സിന്‍റെ അനുമതിയില്ലാതെ ലോൺ എടുത്തുവെന്ന് പറയുന്നു. 2022 ഫെബ്രുവരിയിൽ 2000 കോടി രൂപയുടെ അപ്രൂവൽ ഷെയർ ഹോൾഡേഴ്‌സ് തന്നു. ഏപ്രിൽ 23ന് 2200 കോടി അപ്രൂവ് ചെയ്‌തു. 2024 ഡിസംബറിൽ അത് 3000 കോടിക്ക് അപ്രൂവൽ തന്നിട്ടുണ്ട്. ഷെയർ ഹോൾഡേഴ്‌സ് അംഗീകരിച്ചുവെന്ന് ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും സെബിയുടെയും സൈറ്റിൽ കൊടുത്തിട്ടുണ്ട്.

തെലുങ്കാന ഫാക്ടറി കിറ്റക്‌സുമായി മെർജ് ചെയ്യാൻ തീരുമാനിച്ചു. അതിന് ഷെയർ ഹോൾഡേഴ്‌സിന്‍റെ പെർമിഷൻ എടുത്തില്ലെന്ന് പറഞ്ഞു. ഈ ആരോപണങ്ങൾ എല്ലാം തെളിയിക്കാനായി രേഖകൾ കാണിച്ചാൽ റിപ്പോർട്ടർക്ക് ഒരു കോടി രൂപ നൽകാം. റിപ്പോർട്ട് ചെയ്ത അരുൺ കുമാറിനും ആന്‍റോ അഗസ്‌റ്റിനും ഓരോ കോടി നൽകാം. തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ ആടിനെ പട്ടിയാക്കുന്ന ഈ ചാനൽ പൂട്ടണമെന്നും സാബു ജേക്കബ് പറഞ്ഞു.

റിപ്പോർട്ടർ ചാനൽ വ്യാജ വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിനെതിരെ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ 200 കോടി രൂപയുടെ മാന നഷ്ടക്കേസ് ഫയൽ ചെയ്തിരുന്നുവെന്നും സാബു ജേക്കബ് പറഞ്ഞു. ആന്‍റോ അഗസ്‌റ്റിനടക്കം 17 പ്രതികളാണ് ഇതിലുള്ളത്. ഹർജി നൽകി അഞ്ചു മാസം കഴിഞ്ഞിട്ടും അതിന് മറുപടി പോലുമില്ല. സാബു ജേക്കബിനെ കുറിച്ചോ, കിറ്റക്‌സ് കമ്പനിയെ കുറിച്ചോ ഒരു രീതിയിലുള്ള വാർത്തകളും ഇനി സംപ്രേഷണം ചെയ്യുന്ന മുൻസിഫ് കോടതി ഫെബ്രുവരിയിൽ ഇടക്കാല ഉത്തരവിൽ വിലക്കിയിരുന്നു.

അത് നിലനിൽക്കെ ഇന്നലെ വീണ്ടും വ്യാജ വാർത്തകൾ സംപ്രേഷണം ചെയതു. കോടതി ഉത്തരവൊന്നും ഇവർക്ക് പ്രശ്‌നമില്ല. മരംവെട്ട് കേസിലെ പ്രതി, ട്രക്ക് ഉണ്ടാക്കി വിൽക്കുന്നതിൽ ബാങ്കുളെ തട്ടിച്ച വ്യക്തി, ലക്ഷക്കണക്കിന് ജനങ്ങളെ വഞ്ചിച്ച വ്യക്തി, നിയമപരമായി പ്രവർ ത്തിക്കാൻ ഒരു രീതിയിലും അനുവാദമില്ലാത്ത ചാനൽ ഇതിനപ്പുറവും ചെയ്യും. നിമയവിരുദ്ധമായി പ്രവർത്തിക്കുന്ന ചാനൽ എങ്ങനെ ആടി നെ പട്ടിയാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് എന്നും സാബു ജേക്കബ് വ്യക്തമാക്കി.

Latest News

Corehub Up