ന്യൂയോർക്ക്: ഗാസ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ മുൻകൈയെടുത്ത അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ചീഫ് പ്രോസിക്യൂട്ടർ കരീം ഖാന് ലൈംഗികപീഡനാരോപണത്തിൽ പദവി നഷ്ടമായി.
ഐസിസിയിൽ അംഗമായ 125 രാജ്യങ്ങൾ വോട്ടെടുപ്പിലൂടെ ഖാനെ പുറത്താക്കുകയായിരുന്നു. 82 അംഗങ്ങൾ തീരുമാനത്തെ പിന്തുണച്ചു.
ഐസിസി ജീവനക്കാരിയുമായി വഴിവിട്ട ബന്ധം പുലർത്തുകയും ഇവർ പരാതി നല്കുന്നതു തടയാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു ഖാനെതിരായ ആരോപണം.
ബ്രിട്ടീഷ് അഭിഭാഷകനായ ഖാൻ 2025 മേയ് മുതൽ ഐസിസി ചീഫ് പ്രോസിക്യൂട്ടർ പദവിയിൽനിന്നു സ്വയം വിട്ടുനിന്നിരുന്നു. കഴിഞ്ഞമാസം ഐസിസി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. ബ്രിട്ടനിൽ പ്രാക്ടീസ് ചെയ്യുന്നതിനും ഖാൻ വിലക്കു നേരിടുന്നുണ്ട്.
ഇസ്രേലി നേതാക്കൾക്കെതിരായ അന്വേഷണത്തിന്റെ പേരിൽ ഐസിസിക്കെതിരേ ട്രംപ് ഭരണകൂടം ചുമത്തിയ ഉപരോധത്തിന്റെ ഭാഗമായി അമേരിക്കയിൽ പ്രവേശിക്കുന്നതിനും ഖാന് വിലക്കുണ്ട്. അതിനാൽ ന്യൂയോർക്കിൽ നടന്ന ഐസിസി അംഗങ്ങളുടെ വോട്ടെടുപ്പു യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.