കണമല: ശബരിമല റോഡിലെ കണമല ഇറക്കത്തിന് സുരക്ഷ കൂട്ടുന്നു. ഇതിന്റെ ഭാഗമായി കണമല ഇറക്കത്തിലെ അതീവ അപകട മേഖലയായ അട്ടിവളവിൽ കോൺക്രീറ്റ് ഭിത്തിയുടെ നിർമാണം ആരംഭിച്ചു. 24 മീറ്റർ നീളത്തിൽ 3.60 മീറ്റർ ഉയരത്തോടെയാണ് സംരക്ഷണഭിത്തിയുടെ നിർമാണം. 22 ലക്ഷം രൂപയോളമാണ് ഇതിന് ഫണ്ട് ചെലവിടുന്നത്.
അട്ടിവളവിൽ ഏതെങ്കിലും വാഹനം നിയന്ത്രണം തെറ്റിയാൽ ക്രാഷ് ബാരിയർ തകർത്തു കൊക്കയിലേക്ക് മറിഞ്ഞു വീഴരുത് എന്നതാണ് ലക്ഷ്യമിടുന്നത്. നിലവിൽ അട്ടിവളവിൽ ക്രാഷ് ബാരിയറുണ്ട്. പക്ഷെ ഓരോ സീസണിലും തുടർച്ചയായി വാഹനങ്ങൾ ഇടിച്ചതുമൂലം ക്രാഷ് ബാരിയർ ദുർബലമാണ്. ഈ ക്രാഷ് ബാരിയറിന്റെ പിന്നിൽ പഴയ കരിങ്കൽക്കെട്ടുള്ളത് അപകടങ്ങളിൽ പലപ്പോഴായി തകർന്നു. ഇതിന് പകരമാണ് ബലവത്തായ കോൺക്രീറ്റ് സംരക്ഷണഭിത്തിയുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്.
ശബരിമല സീസൺ ആരംഭിക്കുന്ന നവംബർ ആദ്യം ജോലികൾ പൂർത്തിയാകും. ഇതോടൊപ്പം ഇറക്കത്തിൽ കൂടുതൽ ബ്ലിങ്കിംഗ് ലൈറ്റുകളും വാഹന വേഗം കുറയ്ക്കുന്ന സ്റ്റഡുകളും തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പടെ വിവിധ ഭാഷകളിൽ അപകട സൂചന മുന്നറിയിപ്പ് ബോർഡുകളും രാത്രിയിൽ വെളിച്ചവും അപകട സുരക്ഷ ബോർഡുകളും സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.