എരുമേലി: കഴിഞ്ഞ ദിവസം രണ്ട് വിദ്യാർഥികൾ എരുമേലി കൊടിത്തോട്ടം പാറമടയിലെ കുളത്തിൽ മരിച്ച സംഭവം മുൻനിർത്തി എരുമേലി ശ്രീനിപുരത്ത് കുളത്തിൽ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തം.
ശ്രീനിപുരത്ത് ജനവാസ മേഖലയിൽനിന്നകലെ വനത്തിൽ പഞ്ചായത്ത് നിർമിച്ച കുളത്തിൽ ദിവസവും വിവിധ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ നിരവധി പേർ കുളിക്കാനും നീന്തൽ പരിശീലനത്തിനും എത്തുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മുൻകരുതലും കുളത്തിൽ ഏർപ്പെടുത്തിയിട്ടില്ല.
വനം വകുപ്പിൽനിന്നു വിട്ടുകിട്ടിയ 25 സെന്റ് സ്ഥലത്ത് 30 മീറ്റര്‍ നീളത്തിലും 25 മീറ്റര്‍ വീതിയിലുമായി വിസ്തൃതമായ കുളത്തിൽ മഴക്കാലമായതോടെ വെള്ളം നിറഞ്ഞ നിലയിലാണ്. വനത്തിലായതിനാൽ കുളത്തിൽ പാമ്പുകളുടെ സാന്നിധ്യമുണ്ടാകാനും സാധ്യതയുണ്ട്. കുളത്തിൽ സുരക്ഷാവേലിയോ അപകട സൂചനാ മുന്നറിയിപ്പോ സ്ഥാപിച്ചിട്ടില്ല.
കുളത്തിന് ചുറ്റും അടച്ചുകെട്ടി വേലി സ്ഥാപിക്കണമെന്നും സുരക്ഷാ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി നീന്തൽ പരിശീലനപദ്ധതി ഇവിടെ പഞ്ചായത്ത് നേതൃത്വത്തിൽ നടത്തുന്നത് നല്ലതാണെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു.
സ്വാതന്ത്ര്യത്തിന്റെ വാർഷിക ആഘോഷമായ ആസാദ് കി അമൃത് മഹോത്സവം പദ്ധതിയുടെ ഭാഗമായുള്ള അമൃത് സരോവർ പദ്ധതിയിലാണ് നാലപ വർഷം മുമ്പ് കുളം നിർമിച്ചത്. 20 ലക്ഷം രൂപ ചെലവിട്ട് ജലസേചനം, കുടിവെള്ള വിതരണം എന്നിവ ലക്ഷ്യമിട്ടാണ് കുളം നിർമിച്ചത്. എന്നാൽ, ജലവിതരണ പദ്ധതി ഇല്ലാതെ കുളം നിർമാണം മാത്രമായി മാറുകയായിരുന്നു. ജലവിതരണത്തിനുള്ള പദ്ധതി കൂടി നടപ്പിലാക്കിയാൽ വേനൽക്കാലത്ത് ജലക്ഷാമം പരിഹരിക്കാൻ സഹായിക്കും.