കെകെ റോഡിൽ വളഞ്ഞങ്ങാനത്തിനു സമീപം കെഎസ്ആർടിസി ബസും ടോറസ് ലോറിയും തമ്മിൽ റോഡിൽ ഉരഞ്ഞ് ഞെരുങ്ങിയപ്പോൾ
മുണ്ടക്കയം: കെകെ റോഡിൽ വളഞ്ഞങ്ങാനത്തിനു സമീപം കെഎസ്ആർടിസി ബസും ടോറസ് ലോറിയും തമ്മിൽ റോഡിൽ ഉരഞ്ഞ് ഞെരുങ്ങി വഴി സ്തംഭിച്ചു. റോഡിൽ സമാന്തരമായി മറ്റൊരു സ്വകാര്യബസ് കേടായി കിടന്നതോടെ ഒരാൾക്കു പോലും മറുവശത്തേക്കു പോകാനാവാത്ത രീതിയിൽ വഴിയടഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് കഴിഞ്ഞപ്പോഴായിരുന്നു അപകടം. വലിയ കൊക്കയുടെ സമീപത്താണ് കെഎസ്ആർടിസി ബസ് നിന്നത്. കേടായി കടന്ന സ്വകാര്യബസിനെ മറികടന്ന് ലോറി മുന്നോട്ടുപോകുന്നതിനിടയിലാണ് കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസ് ഇറക്കം ഇറങ്ങി എത്തിയത്. കടന്നുപോകാൻ വഴിയില്ലാതെ ഇതോടെ കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ ഉരസി ഞെരുങ്ങുകയായിരുന്നു.
വാഹനങ്ങൾ പെട്ടെന്നു നിർത്താൻ കഴിഞ്ഞതോടെയാണ് വലിയ അപകടസാധ്യത ഒഴിവായത്. അല്പം കൂടി അരികിലേക്കു മാറിയിരുന്നെങ്കിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്കു പതിക്കുമായിരുന്നു. മൂന്നു വാഹനങ്ങളും റോഡിൽ നിരന്നതോടെ വഴി പൂർണമായും സ്തംഭിച്ചു. രണ്ടു വശത്തേക്കും കിലോമീറ്ററുകൾ നീളത്തിൽ വാഹനങ്ങളുടെ നിര രൂപപ്പെട്ടിട്ടുണ്ട്. പൊലിസ് എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Tags : Bus Lorry Accident KSRTC KKRoad