തളിക്കുളം - മുറ്റിച്ചൂർ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരേ ഓട്ടോ തൊഴിലാളികൾ സർവീസ് നിർത്തിവച്ച് നടത്തിയ പ്രതിഷേധം.
തൃപ്രയാർ: തളിക്കുളം - മുറ്റിച്ചൂർ റോഡിന്റെ ശോചനീയാവസ്ഥക്കെതിരേ ഓട്ടോ തൊഴിലാളികൾ സർവീസ് നിർത്തിവച്ച് പ്രതിഷേധിച്ചു.
തളിക്കുളം സെന്ററിൽനിന്ന് തളിക്കുളം ബ്ലോക്ക് ഓഫീസ്, മുറ്റിച്ചൂർ, അന്തിക്കാട്, പുത്തൻപീടിക, പെരിങ്ങോട്ടുകര, ചാഴൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള പ്രധാന റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. റോഡ് തകർന്നതിനു പുറമെ മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ ഇവിടെ സ്ഥിരമായി വെള്ളക്കെട്ടും രൂപപ്പെടുന്നുണ്ട്. ദിവസവും നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, ജില്ലാ കളക്ടർ, എംഎൽഎ എന്നിവർക്ക് നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
റോഡിന്റെ തകർച്ചയെ തുടർന്ന് വാഹനങ്ങൾക്ക് നിരന്തരം കേടുപാടുകൾ സംഭവിക്കുന്നതായും ദീർഘകാലമായി മോശം റോഡിലൂടെ വാഹനമോടിക്കുന്നത് ഡ്രൈവർമാരിൽ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നതായും ഓട്ടോ തൊഴിലാളികൾ പറഞ്ഞു.
പരാതികൾ ശക്തമായതോടെ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ താൽക്കാലികമായി കുഴിയടച്ചെങ്കിലും മഴ പെയ്തതോടെ റോഡ് വീണ്ടും പഴയനിലയിലായെന്നും തൊഴിലാളികൾ ആരോപിച്ചു.
റോഡിന്റെ ശോചനീയാവസ്ഥ എത്രയുംവേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിന് തളിക്കുളം ഓട്ടോ ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ സെക്രട്ടറി രമേഷ് ലാൽ, പ്രസിഡന്റ് പ്രതുഷ് എന്നിവർ നേതൃത്വം നൽകി.