പ്രതീകാത്മക ചിത്രം
തൃശൂർ: വിവരം ലഭിക്കുകയെന്നതു പൗരന്റെ മൗലികാവകാശമാണെന്നും ഓഫീസുകളിൽനിന്നു സമയബന്ധിതമായി വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥൻ പ്രതിജ്ഞാബദ്ധരാണെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി.കെ. രാമകൃഷ്ണൻ. തൃശൂർ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഓഫീസുകളിലെ ഫയലുകൾ സൂചികയിട്ടും പട്ടിക തിരിച്ചും എളുപ്പം ലഭിക്കുന്ന രീതിയിൽ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ട്. ഫയൽ പരിപാലനത്തിന്റെയും രജിസ്റ്ററുകൾ കാലാനുസൃതമായി സൂക്ഷിക്കുന്നതിന്റെയും പൂർണ ഉത്തരവാദിത്തം ഓഫീസ് മേധാവികൾക്കുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഫയലുകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവയ്ക്കണം.
വിവരം കൈമാറുക എന്നത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ മാത്രം ചുമതലയല്ല. ആവശ്യമായ വിവരങ്ങൾ മറ്റ് ഉദ്യോഗസ്ഥരുടെ പക്കലാണെങ്കിൽ അതു ചോദിച്ചുവാങ്ങാനുള്ള അധികാരം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കുണ്ട്. ഒന്നാം അപ്പീൽ അധികാരികൾ അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കണം. ഓഫീസുകളിലെ വിവരാവകാശ ബോർഡുകളും ഒൗദ്യോഗിക വെബ്സൈറ്റുകളും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിക്കണം. ഇവ ജനങ്ങൾക്കു പ്രാപ്യമായ പ്രധാന വിവരസ്രോതസുകളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ 15 പരാതികൾ പരിഗണിച്ചു. രണ്ടു പരാതികളിൽ കക്ഷികൾ ഹാജരായില്ല.