വർഷങ്ങളായി തകർന്നുകിടക്കുന്ന മുണ്ടൂർ-പഞ്ഞൻമൂല റോഡ്.
കൈപ്പറന്പ്: ‘മഴയൊന്നു തോരട്ടെ, റോഡ് കണ്ണാടി പോലെയാക്കാം!’. വർഷങ്ങൾക്കുമുന്പ് കൈപ്പറന്പ് പഞ്ചായത്ത് അധികൃതർ നാട്ടുകാർക്കു നൽകിയ വാഗ്ദാനമാണിത്. വാഗ്ദാനങ്ങൾ കുത്തിയൊലിച്ചുപോയതല്ലാതെ റോഡ് നന്നായില്ല.
ഒരുകാലത്ത് തൃശൂർ മെഡിക്കൽ കോളജിലേക്കു രോഗികളുമായി കുതിച്ച ആംബുലൻസുകൾപോലും കുഴികൾ നിറഞ്ഞ മുണ്ടൂർ-പഞ്ഞൻമൂല റോഡ് ഒഴിവാക്കിയാണു സഞ്ചരിച്ചത്.
തൃശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയിൽ കേച്ചേരി, കൈപ്പറന്പ്, പറപ്പൂർ തുടങ്ങി മലയോര-തീരദേശ മേഖലകളിൽനിന്നുള്ള രോഗികൾക്കു ഗവ. മെഡിക്കൽ കോളജിലേക്കെത്താനുള്ള എളുപ്പവഴിയാണു മുണ്ടൂർ- പഞ്ഞൻമൂല റോഡ്.
മുണ്ടൂർ സെന്ററിലെ കുപ്പിഴക്കഴുത്തിൽ കുടുങ്ങാതെ, ഓരോ സെക്കൻഡിലും വിലപ്പെട്ട ജീവൻ രക്ഷിക്കാൻ ആംബുലൻസുകൾ ആശ്രയിച്ചത് ഈ വഴിയാണ്. റോഡിൽ കുഴികൾ നിറഞ്ഞതോടെ മൂന്നു കിലോമീറ്ററോളം അധികം സഞ്ചരിച്ചു കുരുക്കിൽപെട്ടു വളഞ്ഞുതിരിച്ചുപോകേണ്ട സ്ഥിതി.
പരിഹാരം ക്വാറി വേസ്റ്റ് !
അഞ്ചുവർഷത്തിലേറെയായി പൂർണമായും തകർന്ന റോഡിനോടു പഞ്ചായത്ത് അധികൃതർ കാട്ടുന്ന ‘കരുതൽ’ വിചിത്രമാണ്. പ്രതിഷേധങ്ങൾ മുറുകുന്പോൾ കുഴികളിലേക്കു ക്വാറിമാലിന്യം തട്ടും. മഴ പെയ്യുന്നതോടെ മെറ്റൽചീളുകൾ റോഡിൽ പരന്ന് ബൈക്ക് യാത്രികർക്ക് അപകടമേഖലയാകും. പാടശേഖരത്തിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്ക് നിർമിക്കണമെന്ന് ആവശ്യപ്പെട്ടു വാർഡ് മെംബർ പഞ്ചായത്തിനു നിരന്തരം പരാതി നൽകിയിട്ടും നടപടിയായില്ല.
കൈമലർത്തി പഞ്ചായത്ത്
റോഡ് തകർച്ചയെക്കുറിച്ച് അന്വേഷിച്ചാൽ കൈപ്പറന്പ് പഞ്ചായത്തിൽനിന്നു മറുപടിയില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നു പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ പറയുന്നു. നോട്ടീസ് അയച്ച് കൈയൊഴിയുന്നതല്ലാതെ, റീ-ടെൻഡർ വിളിക്കാൻ എന്തുകൊണ്ടു തയാറാകുന്നില്ല എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.
മുന്പുചെയ്ത പ്രവൃത്തികളുടെ ലക്ഷക്കണക്കിനു രൂപ കുടിശികയുണ്ടെന്നാണു കരാറുകാരന്റെ നിലപാട്. പഞ്ചായത്ത് കരാറുകാരനെയും കരാറുകാരൻ പഞ്ചായത്തിനെയും പഴിചാരി ഒഴിയുന്പോൾ ദുരിതം സഹിക്കേണ്ടിവരുന്നതു നാട്ടുകാരും. അനാസ്ഥയ്ക്കെതിരേ ജനകീയപ്രക്ഷോഭങ്ങൾ തുടങ്ങാനാണു നാട്ടുകാരുടെയും വിവിധ ആംബുലൻസ് ഡ്രൈവർ കൂട്ടായ്മകളുടെയും തീരുമാനം.
പ്രതികരണം
ടെൻഡർ ഉറപ്പിച്ച കരാറുകാരൻ ടാറിനു വിലകൂടിയെന്നുപറഞ്ഞു പണി ഏറ്റെടുക്കാൻ കൂട്ടാക്കുന്നില്ല. പഞ്ചായത്തിൽനിന്നു രണ്ടു തവണ നോട്ടീസ് അയച്ചിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല.
പ്രമീള സുബ്രഹ്മണ്യൻ, കൈപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ്
മുന്പ് പഞ്ചായത്തിൽ പലയിടങ്ങളിൽ ചെയ്ത പ്രവൃത്തിയുടെ ലക്ഷക്കണക്കിനു രൂപ കിട്ടാനുണ്ട്. വർഷങ്ങൾക്കുമുന്പ് ഏറ്റെടുത്ത തുകയ്ക്ക് ഇന്നത്തെ വിപണി നിലവാരത്തിൽ പണി നടത്താനും കഴിയില്ല.
ടാറിന്റെ വില ഇരട്ടിയായി. നിർമാണസാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയും ഉയർന്നു. പഴയ നിരക്കിൽ റോഡ് നന്നാക്കിയാൽ ബാധ്യതയാകും. റോഡിന്റെ വശങ്ങൾ കെട്ടിയതിന്റെ 10 ലക്ഷം രൂപ ഇതുവരെ കിട്ടിയിട്ടില്ല. ജൽജീവൻ, അദാനി പൈപ്പ് ലൈൻ പദ്ധതികൾക്കായി കുഴിച്ച ഓടകൾ മൂടിയിട്ടില്ല. ഈ അവസ്ഥയിൽ എങ്ങനെയാണു ടാറിംഗ് നടത്തുക.
ഷോബി, പേരാമംഗലം കരാറുകാരൻ
Tags : Nattuvishesham DistrictNews DeepikaNews Road