കേരള ഹൈക്കോടതി (File Photo)
കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടെന്നാണ് കോടതി ചോദിച്ചു. രണ്ടാഴ്ച സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി.
കുറ്റപത്രം തയാറാക്കി പ്രോസിക്യൂഷന്‍ അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഇതുവരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടില്ലെന്നും വിജിലന്‍സിന്‍റെ പ്രത്യേക അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ രണ്ടാഴ്ച കൂടി സമയം സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റീസ് എ. ബദറുദീന്‍ തള്ളി. കോടതി ഉത്തരവ് പാലിക്കാത്തത് ന്യായീകരിക്കാനാവില്ലെന്നും ജസ്റ്റീസ് എ. ബദറുദീന്‍ നിരീക്ഷിച്ചു. ഇനി സമയം നല്‍കാന്‍ കഴിയില്ലെന്ന കടുത്ത നിലപാടാണ് കോടതി എടുത്തത്.
പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതിനുള്ള കാരണം നേരിട്ടെത്തി ബോധിപ്പിക്കാന്‍ പിന്നാക്ക ക്ഷേമ വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥന്‍ ഹാജരാകാതിരുന്നതിനാല്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് നാളെ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി.
അതേസമയം, വെള്ളാപ്പള്ളി നടേശന്‍ അടക്കം അഞ്ചു പ്രതികളാണ് കേസിലുള്ളത്. പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി നജീബ്, നിലവിലെ എംഡി ദിലീപ് കുമാര്‍, മൈക്രോ ഫിനാന്‍സ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, എസ്എന്‍ഡിപി യൂണിയന്‍ നേതാവ് ഡോ. എം.എന്‍. സോമന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
Tags : MicrofinanceCase Prosecution HighCourt Criticize