കഞ്ചാവുമായി പിടിയിലായവർ പോലീസ് സംഘത്തിനൊപ്പം, പിടികൂടിയ കഞ്ചാവ് പൊതികൾ
തിരുവനന്തപുരം: നെയ്യാർ ഡാമിന് സമീപം വാഴിച്ചലിൽ വൻ കഞ്ചാവ് വേട്ട. 90 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് കുന്നനാട് സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്.
റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ഒരാഴ്ചയോളം നീണ്ട രഹസ്യനീക്കത്തിനൊടുവിലാണ് വാഴിച്ചൽ ഇമ്മാനുവൽ കോളജിന് സമീപത്ത് നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്.
ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കടത്തികൊണ്ടുവന്ന കഞ്ചാവ് കാറിന്‍റെ ഡിക്കിയിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയ്ക്കുള്ളിലായിരുന്നു ഒളിപ്പിച്ചിരുന്നത്. 2.200 കിലോ വീതമുള്ള 40 പാക്കറ്റുകളാണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം റൂറൽ എസ്.പി. പ്രശാന്തൻ കാണിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, കാട്ടാക്കട ഡിവൈഎസ്പി ജി. ബിനുവിന്‍റെയും, നാർകോട്ടിക് സെൽ ഡിവൈഎസ്പി റോബർട്ട് ജോണിയുടെയും, തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമിന്‍റെയും നേതൃത്വത്തിൽ പ്രതികളെ പിടികൂടാനുള്ള നീക്കം ആരംഭിക്കുകയായിരുന്നു.
Tags : Cannabis Vazhichal Arrest Police