Image for representation
തൃശൂർ: നഗരത്തിൽ രാത്രിയിൽ കാറുകൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു യുവതിയുടെ പരാക്രമം. വിവരമറിഞ്ഞെത്തിയ വനിതാ എഎസ്ഐയെ യുവതി മർദിക്കുകയും കടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചാഴൂർ സ്വദേശി റഹ്മത്തിനെ (21) പൊലിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 11നു രാഗം തിയറ്ററിനു സമീപമായിരുന്നു സംഭവം.
തടഞ്ഞുനിർത്തിയ വാഹനങ്ങൾക്കു മുകളിൽ കൈകൊണ്ടടിച്ചാണു യുവതി പണം ആവശ്യപ്പെട്ടിരുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലിസ് സ്ഥലത്തെത്തിയത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണു യുവതി എഎസ്ഐയുടെ കൈയിൽ കടിച്ചത്. സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിടെയും യുവതി പരാക്രമം തുടർന്നു.
യുവതി ജോലിതേടി നഗരത്തിൽ എത്തിയതാണെന്നു പറയുന്നു. പ്രശ്നങ്ങളുണ്ടായപ്പോൾ ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നെന്നു പൊലിസ് പറഞ്ഞു.