ബംഗളൂരു: കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ ദണ്ഡേലിയിലെ റിസോർട്ടിൽ സിപ്ലൈൻ പൊട്ടിവീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്. വിജയപുര സ്വദേശി കുബേർ സുർപൂർ എന്ന യുവാവാണ് 40 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചത്. റൈഡിന്റെ സുരക്ഷാ സംവിധാനത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായത്.
സിപ്ലൈനിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ യുവാവ് ധരിച്ചിരുന്ന സുരക്ഷാ ലോക്ക് വേർപെടുകയും താഴേക്ക് പതിക്കുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്റെ കൈകാലുകൾക്ക് ഒന്നിലധികം ഒടിവുകൾ സംഭവിക്കുകയും നാഡികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
റിസോർട്ട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുബേരിന്റെ കുടുംബം ആരോപിച്ചു. സിപ്ലൈൻ റൈഡിനായി ഉപയോഗിച്ച ഉപകരണങ്ങൾ തുരുമ്പെടുത്തതും ശരിയായ രീതിയിൽ അറ്റകുറ്റപ്പണികൾ നടത്താത്തതുമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ചൂണ്ടിക്കാട്ടി. കൃത്യമായ സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും കുടുംബം പറയുന്നു.
കുബേരിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് വിജയപുരയിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാൽ വിദഗ്ദ്ധ ചികിത്സ ആവശ്യമായതിനാൽ നിലവിൽ മിറാജിലെ ആശുപത്രിയിലാണ് ഇദ്ദേഹമുള്ളത്. റിസോർട്ട് മാനേജ്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.