മീരാ റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന മെട്രോ ലൈൻ ഒമ്പതിന്റെ പണിപ്പുരയിലുണ്ടായ സുരക്ഷാവീഴ്ച യാത്രക്കാരിൽ വലിയ ആശങ്ക പരത്തിയിരിക്കുകയാണ്.
മെഡെറ്റിയ നഗർ സ്റ്റേഷന് സമീപം ക്രെയിൻ ഉപയോഗിച്ച് അവശിഷ്ടങ്ങൾ മാറ്റുന്നതിനിടെ ബാസ്കറ്റ് തട്ടി ഗ്രാനൈറ്റ് കല്ലുകൾ താഴേക്ക് പതിക്കുകയായിരുന്നു.
കോൺക്രീറ്റ് സ്ലാബ് സ്കൂൾ വാഹനത്തിന് മുകളിലേക്ക് വീണുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്നും കുട്ടികൾക്ക് പരിക്കേറ്റിട്ടില്ലെന്നും എംഎംആർഡിഎ വ്യക്തമാക്കി. റോഡിൽ ചിതറിയ കല്ലിൽ കയറി ഒരു വാഹനത്തിന്റെ ടയർ പഞ്ചറായതൊഴിച്ചാൽ മറ്റ് അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.
എങ്കിലും വീഴ്ച വരുത്തിയ മൂന്ന് കരാർ ഏജൻസികൾക്കായി ആകെ 12.5 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. തിരക്കേറിയ പാതകളിലെ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങളുടെ ജീവനും യാത്രാസൗകര്യങ്ങൾക്കും വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.