കൊടകര: സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ (സിംസ്) ദശാബ്ദി - സ്ഥാപനദിനാഘോഷം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് മാനേജ്മെന്റ് വിഭാഗത്തിൽ അഞ്ചാംസ്ഥാനം കരസ്ഥമാക്കിയ സഹൃദയ ഇൻസ്റ്റിറ്റ്യൂട്ടിനെ എംഎൽഎ അഭിനന്ദിച്ചു. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. സിംസ് ഡയറക്ടർ ഡോ. ധന്യ അലക്സ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ. ജിനോ ജോണി മാളക്കാരൻ, സിംസ് സ്ഥാപക എക്സിക്യൂട്ടീവ് ഡയറക്ടറും ബോർഡ് ഓഫ് ഗവേണേഴ്സ് അംഗവുമായ മോണ്‍. ആന്റു ആലപ്പാടൻ എന്നിവർ പ്രസംഗിച്ചു.
ആളൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ചു നടപ്പിലാക്കുന്ന വാട്ടർ എടിഎം പ്രോജക്ടിന്റെയും മില്ലറ്റ് വില്ലേജ് കഫേയുടെയും ഉദ്ഘാടനവും നിർവഹിച്ചു. സിംസ് മാനേജർ മോണ്‍. വിൽസണ്‍ ഈരത്തറ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, വാർഡ് മെന്പർ ഡെയ്സി വർഗീസ് എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പ്രഫ. ആംസണ്‍ സൈമണ്‍, പ്രഫ. മനു അബ്രഹാം നേതൃത്വം നൽകി.