‘ഉള്ളിലെ ഒരു ജ്വാല അണയാനനുവദിക്കരുത്. സ്വയം ദരിദ്രനാകാന്‍ നിശ്ചയിച്ച ഒരാള്‍ക്ക് സ്വന്തം മനസാക്ഷിയുടെ സ്വരം കുറേക്കൂടി ഭംഗിയായി കേള്‍ക്കാനാവും. അത് തിരിച്ചറിയുന്ന ഒരാള്‍ക്ക് അങ്ങനെ ഒടുവില്‍ ഒരു ചങ്ങാതിയെ കിട്ടുകയാണ്. അവസാനത്തോളം പിരിയാത്ത ഒരു ചങ്ങാതി.’
(വാന്‍ഗോഗ് തിയോക്ക് എഴുതിയ കത്തുകള്‍)
ഒക്ടോബർ നാലിനാണ് ഫ്രാന്‍സിസിന്റെ ഓര്‍മത്തിരുനാള്‍.
കടന്നുപോയിട്ട് ഇത് എണ്ണൂറാണ്ടായി.
തലേന്ന് സന്ധ്യക്ക് ഞങ്ങളുടെ ആശ്രമങ്ങളില്‍ ഹൃദ്യമായ ഒന്നുണ്ട്, ട്രാന്‍സിത്തുസ് എന്ന ചരമാനുസ്മരണപ്രാര്ഥന.
ജീവിതം കുറേക്കൂടി ഏകാഗ്രവും ഭാവന നിഷ്കളങ്കവുമായിരുന്ന ഒരു കാലത്ത് ആ മരണത്തേക്കുറിച്ച് ബൊനെവെഞ്ചര്‍ എഴുതി അവസാനിപ്പിക്കുന്നത് കിളിപേശലുകള്പോലെ കേട്ടിട്ടുണ്ട്: പുണ്യവാന്റെ വിയോഗനേരത്ത് കിളിക്കൂട്ടങ്ങള്‍ ആ ഭവനത്തിന്റെ മേല്‍ക്കൂരയിലേക്ക് എത്തുകയും വലംചുറ്റി ഇന്നോളം കേട്ടിട്ടില്ലാത്ത ആനന്ദസ്വരങ്ങള്കൊണ്ട് ഫ്രാന്‍സിസിന്റെ മഹത്വത്തിന് സാക്ഷ്യംപറയുകയും ചെയ്തു.
ഫ്രാന്‍സിസിന്റെ മരണകാരണം കൃത്യമായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടില്ല; അവസാനവര്‍ഷങ്ങള്‍ ശാരീരികക്ലേശങ്ങളുടെയും പീഡകളുടെയും ആണെന്നൊഴികെ. പഞ്ചക്ഷതങ്ങള്‍ ഉള്‍പ്പടെ അതില്‍ പെടുത്താവുന്നതാണ്. കണ്ണുകള്‍ക്ക് ട്രക്കോമയുടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അന്ധതയില്‍ എത്തിയേക്കാവുന്ന ഒന്നാണത്. പ്രകാശത്തോടുള്ള കടുത്ത സെന്‍സിറ്റിവിറ്റിയാണ് പ്രധാന പ്രശ്നം. സദാ കണ്ണു നിറഞ്ഞൊഴുകുകയാണ് ലക്ഷണം. സൂര്യവെളിച്ചത്തിലേക്കു നോക്കുമ്പോള്‍ അനേകം കുപ്പിച്ചില്ലുകള്‍ കണ്ണിലേക്ക് പൊട്ടിവീഴുന്നതുപോലെ തോന്നും.
ആ കാലയളവില്‍ത്തന്നെയാണ് സൂര്യനുവേണ്ടിയുള്ള സ്തോത്രഗീതം എഴുതി ആലപിക്കുന്നത്. കാര്യങ്ങളെ ചിലര്‍ മധുരമാക്കി മാറ്റുന്നത് അങ്ങനെയാണ്. ഈജിപ്ത് യാത്രയുടെ ബാക്കിപത്രമായിരുന്നു ഈ നേത്രരോഗം. അവിടെനിന്നു മലേറിയയും കൊണ്ടുവന്നു എന്ന് കരുതാം. ചോര ഛര്‍ദിച്ചിരുന്നതായും കേള്‍വിയുണ്ട്. ഗാസ്ട്രിക് അള്സര്പോലെ ഗുരുതരമായ ഉദരരോഗങ്ങളാവാം കാരണം. രോഗത്തേക്കാള്‍ കഠിനമായ ചികിത്സാരീതികളായിരുന്നു അന്നുണ്ടായിരുന്നത്. ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡ് മുറിവിനു മീതെ വച്ച് പൊള്ളിക്കുന്നതുള്പ്പടെയുള്ള പലതിലൂടെയും അയാള്‍ കടന്നുപോയി. 44 വയസ് എത്ര ചെറിയ പ്രായമാണ്!
എന്നിട്ടും കവിതപോലെ മനോഹരമായിരുന്നു അയാളുടെ കടന്നുപോക്ക്. ‘ഇത്ര കാലം നമ്മള് ഒന്നും ചെയ്തിട്ടില്ല, നമുക്കിനി ആരംഭിക്കാം’ എന്നതായിരുന്നു അന്ത്യമൊഴികളിലൊന്ന്. നഗ്നനാക്കി വെറുംനിലത്ത് കിടത്താന്‍ ആവശ്യപ്പെട്ടു. പിറവിയിലെന്നതുപോലെ നഗ്നതയുടെ നിഷ്കളങ്കതയില്‍ മടങ്ങിപ്പോയ അയാള്‍ ആരെയൊക്കെയാണ് ഓര്‍മിപ്പിക്കുന്നത്?
അപരാധത്തിനു മുന്‍പുള്ള ആദവും ഹവ്വയും, അനുസരണം പൂര്‍ത്തിയാക്കി കുരിശിന്റെ വക്ഷസില്‍ നഗ്നനായി മടങ്ങിപ്പോയ യേശു, തെരുവീഥിയിലൂടെ ഭക്തിയുടെ ഉന്മാദത്തില് ചുവടുവയ്ക്കുന്ന അക്കമഹാദേവി, ദിക്കുകളെ വസ്ത്രമായി ധരിച്ചു എന്ന സങ്കല്പത്തില് നടന്നുപോകുന്ന നമ്മുടെ ദേശത്തെ ദിഗംബരജൈനര്, പ്രണയത്തിന്റെ ദീപ്തനിമിഷങ്ങളില്‍ ലജ്ജ അനുഭവിക്കാതെ വിവസ്ത്രരാവുന്ന പങ്കാളികള്‍... അങ്ങനെ നൈര്‍മല്യത്തെയും സ്വാതന്ത്ര്യത്തെയും അര്‍പ്പണത്തെയും ആനന്ദത്തെയും ദ്യോതിപ്പിക്കുന്ന ഒന്നായിരുന്നു ഫ്രാന്‍സിസിന്റെ വിവസ്ത്രത. മരണം ഒരു രണ്ടാം പിറവിയാണെന്നുള്ള സൗമ്യമായ ഓര്മപ്പെടുത്തലുമാകാം.
പ്രകാശത്തെ വസ്ത്രമായണിഞ്ഞ നഗ്നതയിലാണ് അയാളുടെ ആന്തരികജീവിതം ആരംഭിക്കുന്നത്. വലിച്ചിഴച്ചുതന്നെയാണ് അപ്പനയാളെ ബിഷപ്പിന്റെ മുന്‍പിലെത്തിച്ചത്. അവനെക്കുറിച്ച് നിറയെ പരാതിയാണ്. സ്വപ്നജീവിയാണയാള്. കുടുംബത്തിന്റെ വ്യാപാരത്തില്‍ പങ്കുചേരുന്നില്ല. അളവില്ലാതെ ദരിദ്രര്‍ക്ക് കൊടുക്കുന്നു. തകര്‍ന്ന് തുടങ്ങിയ കപ്പേളകളെ സ്വന്തം കഠിനാധ്വാനം കൊണ്ട് പണിതുയര്‍ത്തുന്നു. കുഷ്ഠരോഗികളോടും യാചകരോടുമൊത്ത് സഹവസിക്കുന്നു. അങ്ങനെ ആരോപണങ്ങള്‍ നീണ്ടു.
കാര്യങ്ങള്‍ അവസാനിക്കണം, ഞാനെന്താണ് ചെയ്തു തരേണ്ടത്?
എന്റെ ധനത്തിലോ വ്യാപാരത്തിലോ അവന് ഇനിയൊരു അവകാശമുണ്ടാവില്ല എന്ന് തീര്‍പ്പ് കല്പിച്ചാല് മതി.
ചെറുപ്പക്കാരന് എല്ലാറ്റിനും തയാറായിരുന്നു. കൈവശമുള്ള നാണയങ്ങള്‍ കാല്ച്ചുവട്ടില് വച്ചു. അപ്പോഴാണ് ഓര്‍ത്തത്, അപ്പന്റേതല്ലാതെ ഒരു നൂലിഴപോലും സ്വന്തമായിട്ടില്ല. പിന്നെ നടന്നത് ചരിത്രസന്ധികളിലെ ഏറ്റവും നല്ല നാടകങ്ങളില്‍ ഒന്നായിരുന്നു. ഓരോരോ വസ്ത്രങ്ങളായി ഊരിയെടുത്തു. മടക്കി അപ്പന്റെ കാൽച്ചുവട്ടില് വച്ചു: ഇതുംകൂടി അങ്ങേക്ക് അവകാശപ്പെട്ടതാണ്. പിന്നെയിങ്ങനെ തുടര്‍ന്നു. ഇതുവരെയും ഞാന്‍ അങ്ങയെ, പീറ്റര്‍ ബെര്ണാഡോവിനെ അച്ഛനെന്ന് വിളിച്ചു....ഈ നിമിഷം മുതല്‍ സ്വര്‍ഗസ്ഥനായ പിതാവാണ് എന്റെ അച്ഛന്.
ബിഷപ് തന്റെ മേലുടുപ്പുകൊണ്ട് ചെറുപ്പക്കാരനെ മൂടി. അതിനിടയില്‍ ഒരു തോട്ടക്കാരന്റെ വസ്ത്രം ആരോ വച്ചുനീട്ടി. അതയാളണിഞ്ഞു. പിന്നെ നിശബ്ദമായി. പുതിയ അച്ഛന്റെ വിശാലമായ വഴികളിലേക്കിറങ്ങി നടന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ വലിയൊരു ആള്‍ക്കൂട്ടം അരമനയുടെ അങ്കണത്തിലുണ്ടായിരുന്നു. ഒരു ചെറുപ്പക്കാരന് വിവസ്ത്രനാവുന്നതുകണ്ട് ഒരാളും കണ്ണുതാഴ്ത്തിയില്ല. സമകാലീനനായ ഒരു ചരിത്രകാരന് അടയാളപ്പെടുത്തുന്നത് പോലെ: ഒരു കുഞ്ഞ് പിറക്കുന്നത് കണ്ട് ഇന്നോളം ഒരു വയറ്റാട്ടിയും കണ്ണു താഴ്ത്തിയിട്ടില്ല.അത്രമേല്‍ നിര്‍മലനായി ഒരാള്‍ പിറവികൊള്ളുകയാണ്.
വീണ്ടും പിറക്കുക എന്നതായിരുന്നു യേശുദൂതിന്റെ കാതല്‍. അവനവന്റെ നിഷ്കളങ്കതയിലേക്ക് മടങ്ങിപ്പോവുക തുടങ്ങി അനവധി വ്യാഖ്യാനങ്ങള്‍ അതിന് കല്പിച്ചു കൊടുക്കുമ്പോഴും അതിലേറ്റവും സാരവത്തായി തോന്നുന്നത് ഈ പുതിയ പിതൃബോധത്തിലേക്കുള്ള പ്രാണന്റെ ഉണര്‍വാണ്.അതിനുശേഷം അയാളും ലോകവും ദൈവവുമൊന്നും പഴയതല്ല.
മരണത്തെ ഭയക്കരുതെന്നാണ് അയാള്‍ ഇപ്പോള്‍ പറയുന്നത്. ചുറ്റിനും നില്ക്കുന്ന ദുഃഖിതരായ സഹോദരരെ വിലക്കിക്കൊണ്ട് ഇങ്ങനെ മന്ത്രിച്ചു: ‘ഇങ്ങനെയല്ല വേണ്ടത്. പാട്ടു പാടി, നൃത്തച്ചുവടുകളോടെ അവളെ സ്വാഗതം ചെയ്യുക - sister death.
ഇതും പെങ്ങള് തന്നെ!
മടങ്ങിപ്പോകുന്ന ഒരാള്‍ ഉരുവിടുന്ന വാക്കുകള്‍ക്ക് നാം കരുതുന്നതിനേക്കാള്‍ മുഴക്കവും പ്രതിധ്വനികളുമുണ്ട്. നിക്കോസ് കസന്‍ദ്സാക്കിസിന്റെ ഫ്രാന്‍സിസ് കടന്നുപോകുമ്പോള്‍ മന്ത്രിച്ചത് അതാണ് സ്നേഹം, ശാന്തി, ദാരിദ്ര്യം. ആദ്യത്തേത് മനുഷ്യരാശിയില്‍ ആശങ്കയുള്ള ഏതൊരാളില്‍നിന്നും ഉയരാവുന്നതേയുള്ളൂ. എന്നാല്‍ ആ വാക്ക് ദാരിദ്ര്യം നമ്മുടെ ബോധത്തിന് അത്ര സുപരിചിതമല്ല. ഇത്തിരി നേര്‍പ്പിച്ചാണെങ്കില്‍പ്പോലും ആ പദത്തെ ബോധത്തില്‍ നിലനിര്‍ത്താന്‍ കഴിയുകയാണ് ഏതൊരു കാലത്തിലെയും സാധകര്‍ക്കുള്ള വെല്ലുവിളി.
തങ്ങളുടെ അരുളുകള് ജീവിതകാലത്തുതന്നെ പാഴാവുകയോ ചിതറിപ്പോവുകയോ ചെയ്തുവെന്നുള്ളതാണ് മിക്കവാറും ആചാര്യന്മാരുടെ ദുഃഖം. അതുകൊണ്ടാണ്, ‘ചിലര്‍ കരുതുന്നതുപോലെ ഞാനൊരു മതത്തിന്റെയും ജാതിയുടേയും ഭാഗമല്ല’ എന്ന് പ്രബുദ്ധകേരളം മാസികയില്‍ ശ്രീനാരായണഗുരുവിന് പരസ്യം കൊടുക്കേണ്ടിവന്നത്. സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ശഠിച്ചതും ഇതേ കാരണം കൊണ്ടായിരിക്കണം. തന്റെകൂടി പോരാട്ടത്തില്നിന്നുണ്ടായ ഫിഡലിന്റെ സര്‍ക്കാരില്‍നിന്ന് പിന്‍വാങ്ങി കടുത്ത ആസ്ത്മാരോഗിയായ ചെ ഗെവാര ബൊളീവിയന്കാടു കയറിയത്, ഒരു ദീര്ഘയാത്രയ്ക്കു ശേഷം മടങ്ങിവരുമ്പോള്‍ തന്റെ സമൂഹത്തിന് അത്രമേല്‍ അപരിചിതനായിരിക്കുന്നുവെന്ന് ദുഃസ്വപ്നം കണ്ട് അസീസിയിലെ ഫ്രാന്‍സിസ് ഞെട്ടിയുണരുന്നത്.
കാല്പാദങ്ങളെ പ്രണമിക്കുന്ന രീതി ലോകമെമ്പാടുമുണ്ട്. ബുദ്ധന്റേതെന്ന സങ്കല്പത്തില് മൂവായിരത്തോളം കാല്പാടുകള് ഇന്നു നമസ്കരിക്കപ്പെടുന്നുണ്ട്; പാറമേല്‍ കൊത്തിയുണ്ടാക്കിയതും താനേ പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നവയുമായ കാല്പാടുകള്. കാലടിയെന്ന് നമുക്കു പരിചയമുള്ള ഗ്രാമത്തിന് ആ പേരു ലഭിച്ചതുപോലും ബുദ്ധസമൂഹങ്ങള് ഒരു കാലത്ത് അവിടെയുണ്ടായിരുന്നതിന്റെ സൂചനയായി കരുതപ്പെടുന്നു. അതില്‍ അസാധാരണമായി ഒന്നും കരുതേണ്ട. മലയാറ്റൂര്‍മലയുടെ വിശ്വാസം ഓര്‍മിക്കുക.
പാദപത്മങ്ങള്‍ എന്നാണ് ഗുരുക്കന്മാരുടെ ചുവടുകളെ നാം വിളിക്കുന്നത്. താമരയുടെ ഇതളില്നിന്ന് ഇറ്റുവീഴുന്ന പത്മമധു കണ്ണിന് നല്ല ഔഷധമായി ഗണിക്കപ്പെടുന്നു. മിഴികളില്‍ അതു ലേപനം ചെയ്താല്‍ അകക്കാഴ്ചയും ദൂരക്കാഴ്ചയുമുണ്ടാകും.
യേശുവിലെന്നപോലെ ആണിപ്പാടുള്ള പാദങ്ങളായിരുന്നു ഫ്രാന്‍സിസിനും. അതയാള്‍ക്ക് ഉപഹാരമായി ലഭിച്ചതാണ്. Brother Francis: The Barefoot Saint of Assisi എന്നാണ് അയാള്‍ അറിയപ്പെടുന്നത്. സ്വാഭാവികമായി അകത്തും പുറത്തും അലഞ്ഞ് പാദങ്ങള്‍ വിണ്ട് കീറിയതുമാവണം. ആ കാല്പാദത്തിലേക്ക് കുറേക്കൂടി ഉറ്റുനോക്കാനാണ് ഈ ഒരു വര്‍ഷത്തെ സഭ നമുക്ക് സങ്കല്പിച്ചു നല്‍കുന്നത്. സഭയുടെ ഭാവി ഫ്രാന്‍സിസിന്റെ ഭാവിയെന്ന് അര്‍ഥം വരുന്ന ഒരു പുസ്തകം വായിച്ചിട്ടുണ്ട്. ഫ്രാന്‍സിസിനോട് നമ്മളെന്തു ചെയ്തു ?
വല്ലാതെ കവിതയാക്കപ്പെട്ട ജീവിതമാണ് ഫ്രാന്‍സിസ്. എട്ട് നൂറ്റാണ്ടുകളിലും അതങ്ങനെയായിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ വായനകളായിരുന്നു തെല്ല് വിഭിന്നം. പൂക്കളുടെയും കിളികളുടെയും കളങ്ങളില്‍ തീരേണ്ട നാമമല്ല ഫ്രാന്‍സിസ്. ഫ്രാന്‍സിസ്കന്‍ എന്ന വിശാലപദത്തില് പറയുന്ന എല്ലാം പുനപരിശോധിക്കാനോ പുതുക്കിപ്പണിയാനോ നേരമായി.
ഒരു കുമ്പസാരംതന്നെയായിരുന്നു അത്; മൈക്കിളിനെ ആശ്വസിപ്പിക്കാനാണ് കാര്‍ഡിനല്‍ ലമ്പേര്‍ത്തോ അതു പറഞ്ഞതെങ്കില്‍പ്പോലും. നടുമുറ്റത്തുള്ള ജലധാരയില്‍നിന്ന് ഒരു വെള്ളാരങ്കല്ലെടുത്തുപൊട്ടിച്ച് അയാളോടു പറഞ്ഞത് ഇങ്ങനെയാണ്:
'Look at this stone. It has been in the water for a very long time, but the water has not penetrated it. Look... Perfectly dry. The same thing has happened to men in Europe. For centuries they have been surrounded by Christianity, but Christ has not penetrated. Christ doesn't live within them.'
ഗോഡ്ഫാദറില് നിന്നാണ്.
അതില്‍ കഥയൊന്നുമില്ലെന്നാണ് ഫ്രാന്‍സിസിന്റെ പാഠം. കഠിനമായ പലതിനു മീതെയും എണ്ണൂറു വര്‍ഷമായി ഒഴുകി ഒഴുകി ഫ്രാന്‍സിസ് അതിനെ ഈര്‍പ്പമുള്ളതാക്കി മാറ്റുന്നുണ്ട്. ജലം നമ്മള് വിചാരിക്കുന്ന കണക്ക് അത്ര സാധുവൊന്നുമല്ല. കടല്‍ത്തിരകള്‍ നിരന്തരം അലച്ചലച്ചാണ് തീരങ്ങളിലെ ക്ലിഫുകള്‍ രൂപപ്പെട്ടത്. തടാകത്തിലെ അലകള്‍പോലും അതിനെ വലംചുറ്റുന്ന പാറക്കെട്ടില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. യേശു മരിച്ചപ്പോള്‍ പാറകള്‍ പിളര്‍ന്നുവെന്ന് ഒരു ചെറുവാക്ക് സുവിശേഷകര്‍ രേഖപ്പെടുത്തിയെന്ന് ഓര്‍മിക്കണം. നിഷ്കളങ്കതയെയും കാരുണ്യത്തെയും എന്നേക്കുമായി പ്രതിരോധിക്കാനാവാത്ത വിധത്തില്‍ എവിടെയോ ഒരിത്തിരി വള്നറബിലിറ്റിയിലാണ് മനുഷ്യരെന്ന പടപ്പ് രൂപപ്പെട്ടത്.
വെളിച്ചത്തിന് ആ ഇടത്തിലൂടെ ഇന്നല്ലെങ്കില്‍ നാളെ അരിച്ചിറങ്ങാനാവും. അവന്റെ കൊലയ്ക്ക് കാര്‍മികത്വം വഹിച്ചൊരാള്‍ നെഞ്ചത്തടിച്ച് നിലവിളിച്ച്, ‘സത്യമായും ഇവന് ഈശ്വരചൈതന്യമായിരുന്നു’ എന്നു വിലപിക്കുമ്പോള്‍ നേരത്തേ പറഞ്ഞ പാറ ഭൂപഠനത്തിന്റെ ഭാഗമല്ലെന്നു വരുന്നു.
പള്ളി വീഴുന്നു എന്ന നിലവിളിയില്‍ നിന്നാണ് ഫ്രാന്‍സിസിന്റെ ജീവിതത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. ചങ്ക് കൈയിലെടുത്തുകൊണ്ടാണ് മനുഷ്യര്‍ അവന് ചുറ്റും കൂടിയത്. എത്ര അപൂര്ണമായിരിക്കുമ്പോഴും, അതിപ്പോഴും ഒരു നല്ല സ്ഥലം തന്നെയാണ്.
പള്ളി വീണാല്‍ നമ്മള് എന്ത് ചെയ്യും?
ഒരു കല്ല് തരാമോ, ഒരു ചെറിയ കല്ല്. അത്ര കരുത്തോ ഭംഗിയോ ഉള്ളതാവണമെന്നില്ല. നമുക്കിതിനെ പുതുക്കണ്ടേ?
ഒന്നും നിലംപതിക്കില്ല.
പുതുക്കിപ്പണിഞ്ഞാല്‍ മാത്രം മതി.
അകത്തും പുറത്തുമുള്ള പള്ളിയെ പുതുക്കിപ്പണിയാനുള്ള ഒരു സവിശേഷശിലയായി ഫ്രാന്‍സിസ് ഇവിടെ ഇനിയും ഉണ്ടായിരിക്കും.