ഷാർജ: അഞ്ചുമാസത്തോളം ശമ്പള കുടിശിക നൽകാതെ കമ്പനി അധികൃതർ പ്രയാസത്തിലാക്കിയ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് സ്വദേശിനി നിഷ രാജന് ശമ്പള കുടിശികയും ആനുകൂല്യങ്ങളും ലഭിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ എം.വി. ഗോവിന്ദന്റെ ഇടപെടലാണ് നിഷ രാജന് തുണയായത്. രണ്ടു വർഷം മുമ്പാണ് ബ്യൂട്ടീഷ്യനായ നിഷ രാജൻ ഷാർജയിൽ എത്തിയത്.
എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിൽ ഷാർജയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി സലൂണാണ് ശമ്പളം നൽകാതെ നിഷയെ പ്രതിസന്ധിയിലാക്കിയത്.
നിഷയുടെ ഭാഗത്തു നിന്നും തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയെങ്കിലും പരാതി തള്ളുകയും കുടിശിക നൽകാതെ വിസ കാൻസൽ ചെയ്യുകയുമായിരുന്നു.
ഈ സാഹചര്യത്തിലാണ് നിഷ രാജൻ എം.വി. ഗോവിന്ദന്റെ സഹായം തേടിയത്. അദ്ദേഹം യുഎഇയിലെ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിയെ രേഖാമൂലം വിവരം അറിയിച്ചു.
യാബ് ലീഗൽ സർവീസസിന്റെ ഭാഗത്തു നിന്നും ബ്യൂട്ടീഷ്യൻ ഉടമയെ കാര്യങ്ങൾ വിളിച്ച് സംസാരിച്ചെങ്കിലും പ്രശ്നം പരിഹരിക്കാൻ ഉടമ വിമുഖത കാണിച്ചപ്പോൾ നിയമ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.
യാബ് ലീഗൽ സർവീസസിന്റെ ഭാഗത്തു നിന്നും നിയമ നടപടി സ്വീകരിച്ചതറിഞ്ഞ കമ്പനി ഉടമ മധ്യസ്ഥർ മുഖേന പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ടു.
അത് പ്രകാരം അവർക്ക് ലഭിക്കേണ്ട 8,000 ദിര്‍ഹമും കോടതി ചെലവും നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു.