കണ്ണൂർ: വനിത-ശിശുവികസന വകുപ്പ് ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ശന്പളം മുടങ്ങി. ഓരോ മാസത്തെയും മൂന്നാമത്തെ പ്രവൃത്തിദിനത്തിൽ നൽകി വന്നിരുന്ന ശന്പളവിതരണമാണ് മുടങ്ങിയത്.
നേരത്തേ വകുപ്പിലെ സ്റ്റാഫ് പാറ്റേണിൽ നിർദേശിച്ചതിലും കൂടുതൽ ജീവനക്കാരുണ്ടെന്നു ചൂണ്ടിക്കാട്ടി ഫിനാൻസ് സെക്രട്ടറി ഫയലിൽ കുറിപ്പെഴുതിയിരുന്നു. ശന്പള ബില്ലുകൾ പാസാക്കുന്നത് സംബന്ധിച്ച് മൂന്നു വീതം മാസം കുടുന്പോൾ ഫിനാൻസ് സെക്രട്ടറി സർക്കാരിലേക്ക് ഫയൽ സമർപ്പിക്കേണ്ടതുണ്ട്.
നേരത്തേ നൽകിയ കുറിപ്പിൽ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മാറേണ്ട ബില്ലുകൾ മാറരുത് എന്നായിരുന്നു നിർദേശിച്ചിരുന്നത്. ഓഗസ്റ്റിലും സെപ്റ്റംബറിലും സർക്കാർ പ്രത്യേക ഉത്തരവിലൂടെയായിരുന്നു ശന്പളബില്ലുകൾ പാസാക്കിയത്.
ഒക്ടോബർ മാസത്തിലെ ശന്പള ബില്ലുകൾ പാസാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകാതിരുന്നതാണു ശന്പളം മുടങ്ങാൻ കാരണമായത്. സ്പാർക്ക് മുഖേനയാണ് ശന്പളം വിതരണം ചെയ്യേണ്ടത്.
ശന്പളം നൽകാനുള്ള ഉത്തരവ് സർക്കാർ ഇന്നലെ പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രഷറി ജോയിന്റ് ഡയറക്ടറുടെ നേരത്തേയുള്ള നിർദേശം റദ്ദാക്കി ശന്പളവിതരണം നടത്തണമെന്ന് ട്രഷറി ഡയറക്ടറും ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് ശന്പള വിതരണം നടത്തും.