മലയാളത്തിന്റെ പ്രയ നടൻ സലിം കുമാർ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43ന് അന്ത്യം സംഭവിക്കുകയായിരുന്നു.
സലിം കുമാർ എന്ന പേരിന് പിന്നിലുമുണ്ട് ഒരു കഥ. ക്രിസ്ത്യനെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ ഒരു പേര് കേട്ട് അവന് ഏതാണ് മതമെന്ന് തിരിച്ചറിയാതിരിക്കാൻ അദ്ദേഹത്തിന്റെ അച്ഛൻ കണ്ടെത്തിയ പേരാണ് സലിം കുമാർ.
1969 ഒക്ടോബർ പത്തിന് വടക്കൻ പറവൂരിൽ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായി ജനിച്ചയാൾക്ക് എന്താണ് പേരിടേണ്ടെതെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു.
നിരീശ്വരവാദിയും സാമൂഹിക പരിഷ്കർത്താവായ സഹോദരൻ അയ്യപ്പന്റെ അനുയായിയുമായിരുന്നു സലിം കുമാറിന്റെ അച്ഛൻ ഗംഗാധരൻ. ഇളയ മകന് മതപരമായ കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ അദ്ദേഹം കണ്ടെത്തിയ പേരാണ് സലിം കുമാർ. ആ പേര് പിന്നീട് മലയാളികളുടെ ഇഷ്ടപേരുകളിലൊന്നായി മാറിയതും ചരിത്രം.
ചിറ്റാട്ടുകര നോർത്ത് പറവൂരിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലായിരുന്നു സലിം കുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. നോർത്ത് പറവൂരിലെ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ് പൂർത്തിയാക്കിയ അദ്ദേഹം മാല്യങ്കരയിലെ മൂത്തകുന്നം ശ്രീ നാരായണ മംഗലം കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു.
ചെറുപ്പത്തിൽ തന്നെ ഗായകനാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് മിമിക്രിയിലാണ് എത്തിപ്പെട്ടത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിഎ ബിരുദം നേടിയ അദ്ദേഹം അവിടെ മൂന്ന് തവണ യൂണിവേഴ്സിറ്റിയിൽ നിന്നും മികച്ച മിമിക്രിക്കാരനുള്ള കിരീടം നേടി.
കലാഭവനിൽ നിന്നാണ് അദ്ദേഹം തന്റെ നാടക ജീവിതം ആരംഭിച്ചത്. ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമായ കോമിക്കോളയിലും അദ്ദേഹം ഒരു അവതാരകനായിരുന്നു. ഏകദേശം നാല് വർഷത്തോളം കൊച്ചിയിലെ ആരതി തിയറ്ററുകളിൽ അദ്ദേഹം പ്രൊഫഷണൽ നാടകവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു.
മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമിക്കോള എന്ന കോമഡി പ്രോഗ്രാമിന്റെ അവതാരകനായി സലിം കുമാറിനെ തെരഞ്ഞെടുത്തു.
1997-ൽ സിദ്ദിഖ് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറു വട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷം സിബി മലയിൽ തന്റെ നീ വരുവോളം എന്ന സിനിമയിൽ നല്ലൊരു വേഷം സലിം കുമാറിന് വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ അഭിനയം ശരിയല്ലെന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ അദ്ദേഹത്തെ ലൊക്കേഷനിൽ നിന്ന് തിരിച്ചയച്ചു. പിന്നീട് ഇന്ദ്രൻസാണ് ആ വേഷം ചെയ്തത്.
പിന്നീട് 2000-ൽ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സിനിമയിലെ അഭിനയത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സത്യമേവ ജയതേ എന്ന ചിത്രത്തിലെ അഭിനയത്തിൽ ആകൃഷ്ടനായ സംവിധായകൻ റാഫി മെക്കാർട്ടിൻ തന്റെ പുതിയ ചിത്രമായ തെങ്കാശിപ്പട്ടണം എന്ന സിനിമയിൽ സലിമിന് ഒരു വേഷം നൽകി. അത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. 2000-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.
പിന്നീട് ദിലീപിനൊപ്പം പറക്കും തളികയിൽ പാചകക്കാരനായ കോശിയുടെ വേഷവും 2002-ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന കൾട്ട് കോമഡി സിനിമയിൽ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രവും അദ്ദേഹം അവതരിപ്പിച്ചു. ദിലീപിനൊപ്പം ഹിറ്റായി സലിമിന്റെ കരിയറും മുന്നോട്ട് പോയി.
മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ അങ്ങനെ ദിലീപും സലിമും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു.
2003-ൽ ക്ലാസിക് കൾട്ട് സിനിമയായ സി.ഐ.ഡി മൂസയിൽ ഒരു മാനസിക രോഗിയുടെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിളക്കത്തിൽ ഓമനക്കുട്ടൻ, മോഹൻലാലിനൊപ്പം കിളിച്ചുണ്ടൻ മാമ്പഴത്തിൽ ഉസ്മാൻ, മമ്മൂട്ടി അഭിനയിച്ച പട്ടാളത്തിൽ എസ്.ഐ. ഗബ്ബാർ കേശവൻ എന്നീ വേഷങ്ങൾ അവിസ്മരണീയമായിരുന്നു.
റൊമാന്റിക്-കോമഡി ചിത്രമായ പുലിവാൽ കല്യാണത്തിലാണ് സലിം കുമാർ തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. മണവാളന്റെ നിസഹായമായ മുഖം, ലജ്ജാകരമായ പുഞ്ചിരി, പൈപ്പ് വലിക്കുന്ന ധനികന്റെ അഭിനയം എന്നിവയുൾപ്പെടെയുള്ള നിരവധി ഭാവങ്ങൾ പിന്നീട് കേരള ട്രോൾ സമൂഹത്തിൽ ഒരു കൾട്ട് ഫോളോവേഴ്സിനെ വളർത്തിയെടുത്തു. ഇന്നും മീമുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് സലിമിന്റെ മുഖമാണ്. അങ്ങനെ മലയാളസിനിമയ്ക്ക് ഒഴിവാക്കാനാകാത്ത എത്രയെത്ര വേഷങ്ങൾ. ഒടുവിൽ ദിലീപിന്റെ ഭഭബയിൽ അഡ്വ. മുകുന്ദനുണ്ണി എന്ന കാമിയോ വേഷമാണ് അദ്ദേഹം അവസാനമായി ചെയ്തത്.
-