ബുൽധാന: കർഷകർ ജീവനൊടുക്കിയാൽ അവരുടെ സംസ്കാരച്ചടങ്ങുകളിൽ ആരും പങ്കെടുക്കരുതെന്ന് ശിവസേന (ഷിൻഡെ) എംഎൽഎ സഞ്ജയ് ഗെയ്ക്വാദ്.
കർഷകന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ആരും വന്നില്ലെങ്കിൽ മൃതദേഹം മൃഗങ്ങൾ ഭക്ഷിക്കുകയും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവർ അതിന്റെ അനന്തരഫലം തിരിച്ചറിഞ്ഞ് തീരുമാനത്തിൽനിന്ന് പിന്തിരിയുമെന്നുമാണു ഗെയ്ക്വാദിന്റെ വാദം.
ചൊവ്വാഴ്ച ബുൽധാനയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗെയ്ക്വാദ് ഇങ്ങനെ പറഞ്ഞത്. കർഷക ആത്മഹത്യകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ അസഭ്യവാക്ക് ഉപയോഗിച്ചുവെന്നു പ്രതികരിച്ച ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശിവസേന എംഎൽഎ.
എന്നും വിവാദങ്ങളിൽ നിറഞ്ഞുനിന്ന നേതാവാണ് സഞ്ജയ് ഗെയ്ക്വാദ്. കഴിഞ്ഞവർഷം പഴകിയ ഭക്ഷണം നൽകിയെന്നാരോപിച്ച് കാന്റീൻ ജീവനക്കാരനെ മർദിച്ചതു വിവാദമായിരുന്നു.