ചെമ്പന്തൊട്ടി: ഇരിക്കൂർ ഉപജില്ലാതല സംസ്കൃത ദിനാചരണവും സംസ്ഥാന-ദേശീയ അധ്യാപക അവാർഡ് ജേതാവ് സുനിൽ കുമാറിന് അനുമോദനവും ചെമ്പന്തൊട്ടി ചെറുപുഷ്പം യുപി സ്കൂളിൽ നടന്നു. ശ്രീകണ്ഠപുരം നഗരസഭാ വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. എഇഒ പി.എൻ. ഗീത അധ്യക്ഷത വഹിച്ചു.
സ്കൂൾ മുഖ്യാധ്യാപിക ലൗലി എം. പോൾ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സംസ്കൃത കൗൺസിൽ പ്രസിഡന്റ് ശ്രീജിത്ത് ചീമേനി സംസ്കൃത ദിന സന്ദേശംനൽകി.
കൗൺസിലർ എൻ.വി. വർഗീസ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ അവാർഡ് ജേതാവ് സുനിൽകുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
പിടിഎ പ്രസിഡന്റ് സുബീഷ് മുഞ്ഞനാട്ട്, സംസ്കൃത കൗൺസിൽ സെക്രട്ടറി ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് രാമായണ പ്രശ്നോത്തരി, ഗാനാലാപനം, പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങളും നടന്നു.