തിരുവനന്തപുരം: പൊതുവിപണിയിൽ സവാള വില കിലോഗ്രാമിന് 65 മുതൽ 70 രൂപ വരെ ഉയർന്ന സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കിലോഗ്രാമിന് 35 രൂപ നിരക്കിൽ സവാള ലഭ്യമാക്കുന്ന സംസ്ഥാനതല വിതരണത്തിന് തുടക്കമായി.
കൃഷി മന്ത്രി ടി. സിദ്ദിഖ് പാളയം ഹോർട്ടികോർപ്പ് വിപണിയിൽ വിതരണത്തിന്റെ സംസ്ഥാനതല ഫ്ളാഗ് ഓഫ് നിർവഹിച്ചു. ഇതിന്റെ ഭാഗമായി നാല് ലോഡ് സവാള വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണത്തിനായി അയച്ചു.
ഹോർട്ടികോർപ്പിന്റെ ഔട്ട്ലെറ്റുകൾക്ക് പുറമെ ആവശ്യമായ സ്ഥലങ്ങളിൽ മൊബൈൽ ഔട്ട്ലെറ്റുകൾ വഴിയും സവാള വിതരണം ചെയ്യും. സപ്ലൈകോ വഴിയും വിതരണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി കൃഷിവകുപ്പ് അറിയിച്ചു.
കൃഷി ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പുകൾ സംയുക്തമായി 100 ടണ്‍ സവാള അടിയന്തരമായി കേരളത്തിലെത്തിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ഓർഡർ നൽകിയ 30 ടണ്ണിൽ 20 ടണ്‍ ഇതിനകം കേരളത്തിലെത്തി. ഇതിൽ 10 ടണ്‍ വടക്കൻ മലബാർ മേഖലയിലേക്കും 10 ടണ്‍ തെക്കൻ കേരളത്തിലേക്കുമാണ് എത്തിച്ചത്.
30 ടണ്‍ സവാളകൂടി ഇന്ന് കേരളത്തിലെത്തും. നാഷണൽ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വഴിയാണ് സവാള സംഭരിച്ച് കേരളത്തിലെത്തിക്കുന്നത്.