തൊടുപുഴ: അപകടത്തില്‍പ്പെടാതെ പിഞ്ചുകുഞ്ഞിന് രക്ഷകനായി എസ്പിസി കേഡറ്റായ വിദ്യാര്‍ഥി. കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജെസ്വിന് ജോമിയുടെ സമയോചിതമായ ഇടപെടലാണ് വീടിന്റെ രണ്ടാം നിലയില്‍നിന്ന് കാല്‍വഴുതി വീണ് അപകടം സംഭവിക്കുന്ന സാഹചര്യത്തില്‍നിന്നു രണ്ടുവയസുകാരന് രക്ഷപ്പെടാനിടയായത്.
ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. എസ്പിസി മൂന്നാം വര്‍ഷ കേഡറ്റുകള്‍ക്കുള്ള കായികക്ഷമതാ പരിശീലനം സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുകയായിരുന്നു. ഗ്രൗണ്ടിന് എതിര്‍വശത്തുള്ള കുറ്റിയാനിക്കല്‍ ഷറഫ് എന്നയാളുടെ വീടിനു മുകളിലെ സിറ്റൗട്ടില്‍ പിഞ്ചുകുഞ്ഞ് നില്‍ക്കുന്നത് ഇവരുടെ പരിശീലകനായ പൊലിസുകാരനാണ് ആദ്യം കണ്ടത്. വിവരം കുട്ടികളെ അറിയിച്ചതോടെ ഇവര്‍ വീട്ടുകാരെ വിളിച്ചെങ്കിലും ആരും കേട്ടില്ല.
ഗ്രൗണ്ടിലെ ബഹളം കേട്ട കുട്ടി സിറ്റൗട്ടിന്റെ അരമതിലില്‍ കയറി പുറത്തു വരാൻ ശ്രമം നടത്തുന്നത് ജെസ്വിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പത്തടിയിലധികം ഉയരമുള്ള മുകളില്‍ മുള്ളുകമ്പി പാകിയ മതില് ചാടിക്കടന്ന് വീട്ടിനുള്ളിലെ സ്റ്റെയര്‍കെയ്സിലൂടെ മുകളിലെത്തി കുട്ടിയെ എടുത്ത് താഴെ എത്തിച്ചു. അപ്പോഴാണ് വീട്ടുകാര്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയത്.
കുട്ടിയെ ഏറ്റുവാങ്ങിയ രക്ഷിതാക്കള്‍ ജെസ്വിസിനെ ചേര്‍ത്തണച്ച് അഭിനന്ദിച്ചു. തുടര്‍ന്ന് എസ്പിസി പരിശീലകരും സ്കൂള്‍ അധികൃതരും ജെസ്വിനെ പൊതു പ്രവര്‍ത്തകനായ വണ്ടമറ്റം പാലക്കാട്ട് ജോമിയുടെയും മെര്ളിന്റെയും മകനാണ് ജെസ്വിന്.