ഹരിപ്പാട്: ദേശീയപാതയിൽ മാളിയേക്കൽ പെട്രോൾ പമ്പിനു സമീപം കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരനായ യുവാവ് തത്ക്ഷണം മരിച്ചു. പള്ളിപ്പാട് തെക്ക് പനവേലിൽ പുത്തൻവീട്ടിൽ മുബാറക്കിന്റെയും പരേതയായ ലൈലയുടെയും മകൻ ഖലീൽ (37) ആണ് മരിച്ചത്. ഹരിപ്പാട് ഹുദാ ട്രസ്റ്റ് സ്കൂളിലെ ഡ്രൈവറായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആയിരുന്നു അപകടം. സർവീസ് റോഡിലൂടെ വരികയായിരുന്ന ഖലീൽ സഞ്ചരിച്ച ബുള്ളറ്റ്, പെട്രോൾ പമ്പിനു വടക്കുവശത്തുള്ള ഡിവൈഡറന്റെ വിടവിലൂടെ ദേശീയപാതയിലേക്ക് കടക്കുന്നതിനിടെ കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എൻജിൻ ഭാഗം വേർപെട്ട് രണ്ടായി പിളർന്ന ബുള്ളറ്റിന്റെ ഭാഗങ്ങൾ 50 മീറ്ററോളം അകലേക്കാണ് തെറിച്ചുവീണത്.
മുൻഭാഗം പൂർണമായും തകർന്ന കാറിന്റെ ചില്ലുകൾ തെറിച്ച് കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന് നിസാര പരുക്കേറ്റു. നാലുവരിപ്പാതയിലേക്ക് തുറന്നിട്ടിരിക്കുന്ന ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് കാർ ഡ്രൈവർക്കെതിരേ കരിയിലക്കുളങ്ങര പൊലിസ് കേസെടുത്തു.
ഖലീലിന്റെ മൃതദേഹം കായംകുളം ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജസീറ. മക്കൾ: ബിലാൽ, ഹബീൽ. കബറടക്കം ഇന്ന് 11ന് പടിഞ്ഞാറെമുട്ടം ജുമാ മസ്ജിദ് കബർസ്ഥാനിൽ.