National
ചെന്നൈ: തമിഴ്നാട്ടിലെ കോവൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികളെയും പരിക്കേൽക്കാതെ സുരക്ഷിതമായി പുറത്തിറക്കി.
യാത്രയ്ക്കിടെ വാഹനത്തിന്റെ മുൻഭാഗത്തുനിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ ബസ് റോഡരികിൽ നിർത്തി വിദ്യാർഥികളെ പുറത്തിറക്കുകയായിരുന്നു. മിനിറ്റുകൾക്കകം ബസിന്റെ മുൻവശത്തേക്ക് തീ ആളിപ്പടർന്നു.
അപകടം നടന്നത് ഒരു ഗ്യാസ് ഫില്ലിംഗ് സ്റ്റേഷന് സമീപത്തായതിനാൽ, അവിടെയുണ്ടായിരുന്ന ജീവനക്കാർ ഓടിയെത്തുകയും അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ സഹായിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃതർ മറ്റ് വാഹനങ്ങൾ ഏർപ്പെടുത്തിയാണ് വിദ്യാർഥികളെ സ്കൂളിലേക്ക് എത്തിച്ചത്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ സ്കൂൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വാഹനം മുന്നോട്ട് എടുത്തതിനെ തുടർന്ന് ചക്രങ്ങൾക്കടിയിൽപ്പെട്ട് ഏഴു വയസുകാരൻ മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥി നിതിൻ ആണ് മരിച്ചത്.
നിതിൻ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവർ വഹാനം മുന്നോട്ട് എടുക്കുകയായിരുന്നു. പിടിവിട്ട് താഴെ വീണ കുട്ടി ബസിന്റെ ചക്രങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. നിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിന് പിന്നാലെ ഡ്രൈവർ ബസ് ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
അപകടവിവരമറിഞ്ഞ് രോഷാകുലരായ പ്രദേശവാസികൾ സ്കൂളിന് മുന്നിൽ തടിച്ചുകൂടി വൻ പ്രതിഷേധമുയർത്തി. സ്കൂൾ മാനേജ്മെന്റിനെതിരെ മുദ്രാവാക്യം വിളിച്ച ജനക്കൂട്ടം സ്കൂൾ കെട്ടിടം തല്ലിത്തകർത്തു. തുടർന്ന് പോലീസ് എത്തിയാണ് പ്രകോപിതരായ ജനക്കൂട്ടത്തെ ശാന്തരാക്കിയത്.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സ്കൂള്, കോളജ് ബസുകളുടെ ഡ്രൈവര്മാരെ ലക്ഷ്യമിട്ടു മിന്നല് പരിശോധന. മദ്യപിച്ചു വാഹനമോടിച്ച 29 പേര്ക്കെതിരേ കേസെടുത്തു. എറണാകുളം റേഞ്ച് ഡിഐജിയുടെ നിര്ദേശത്തെത്തുടര്ന്ന് എറണാകുളം റേഞ്ച് തലത്തില് എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായിരുന്നു പരിശോധന.
1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3,333 ഡ്രൈവര്മാരെയാണു തൂഫാന്റെ ഭാഗമായി പരിശോധിച്ചത്. നാലു ജില്ലകളിലായി 29 ഡ്രൈവര്മാര് മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയതിനെത്തുടര്ന്ന് ഇവര്ക്കെതിരേ മോട്ടോര് വാഹന നിയമപ്രകാരം കേസെടുത്ത് നിയമനടപടികള് ആരംഭിച്ചു.
കൂടുതല് ആലപ്പുഴയില്
മദ്യപിച്ച് കുടുങ്ങിയവരില് ഏറ്റവുമധികം പേര് ആലപ്പുഴയിലാണ്. ജില്ലയിലെ 244 സ്കൂളുകളിലെ 634 ഡ്രൈവര്മാരെ പരിശോധിച്ചതില് ഒമ്പതു പേര് മദ്യപിച്ചതായി കണ്ടെത്തി. എറണാകുളം റൂറല് ജില്ലയില് 373 സ്കൂളുകളിലെ 1,162 ഡ്രൈവര്മാരെ പരിശോധിച്ചതില് ഏഴുപേര് മദ്യപിച്ചതായും കോട്ടയം ജില്ലയില് 311 സ്കൂളുകളിലെ 688 ഡ്രൈവര്മാരെ പരിശോധിച്ചതില് ആറു പേരെയും ഇടുക്കി ജില്ലയിലെ 303 സ്കൂളുകളിലെ 849 ഡ്രൈവര്മാരെ പരിശോധിച്ചതില് ഏഴുപേരും മദ്യപിച്ചതായി കണ്ടെത്തി.
വിദ്യാര്ഥികളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന നിയമലംഘനങ്ങള് ഒരുതരത്തിലും അനുവദിക്കില്ലെന്ന് എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. പ്രത്യേക പരിശോധനകള് വരുംദിവസങ്ങളിലും മുന്നറിയിപ്പില്ലാതെ തുടരും.