ഹരിപ്പാട്: വയറിളക്കരോഗങ്ങളും ഷിഗല്ല അണുബാധയും റിപ്പോർട്ട് ചെയ്തതിനെതുടർന്ന് താത്കാലികമായി അടച്ചിട്ടിരുന്ന ആറാട്ടുപുഴ പഞ്ചായത്തിലെ സ്കൂളുകളും അങ്കണവാടികളും ഇന്നു മുതൽ കർശന മാർഗനിർദേശങ്ങളോടെ തുറന്നുപ്രവർത്തിക്കും.
രോഗബാധ പൂർണമായി ശമിച്ചെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായരാണ് അധ്യയനം പുനരാരംഭിക്കാൻ ഉത്തരവിറക്കിയത്. മുൻകരുതലിന്റെ ഭാഗമായി 15 പ്രവൃത്തിദിവസത്തേക്കായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരുന്നത്. ഇന്ന് പ്രവേശനോത്സവത്തോടെയാകും അധ്യയനം ആരംഭിക്കുക. അവധി ദിവസങ്ങളിൽ നഷ്ടപ്പെട്ട പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പ്രത്യേക പദ്ധതി തയാറാക്കും.
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണമെന്നും ജലസ്രോതസുകളുടെ ഗുണനിലവാരം കൃത്യമായ ഇടവേളകളിൽ പരിശോധിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഉച്ചഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഭക്ഷണം തയാറാക്കുന്നതിന് ശുദ്ധജലം മാത്രം ഉപയോഗിക്കുകയും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിന് മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും വേണം.
കുട്ടികൾക്ക് കൈകൾ വൃത്തിയാക്കുന്നതിന് സോപ്പോ ഹാൻഡ് വാഷോ ലഭ്യമാക്കണം. രോഗങ്ങൾ പൂർണമായി ശമിച്ചെന്ന് ഉറപ്പുവരുത്തുന്നതുവരേ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആഴ്ചയിലൊരിക്കൽ വിദ്യാലയങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.