ലോകപ്രശസ്തനായ മലയാളി കൃഷി ശാസ്ത്രജ്ഞന് ഡോ. കെ.പി. പ്രഭാകരന് നായരുടെ വിയോഗം രാജ്യാന്തരതലത്തില്‍ കാര്ഷികലോകത്തിനു വലിയ നഷ്ടമാണ്. സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ, ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടംനേടിയ അദ്ദേഹം മണ്ണ് ശാസ്ത്രത്തിലും സുസ്ഥിര കൃഷിരീതികളിലും നല്കിയ സംഭാവനകളിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായിരുന്നു. മണ്ണിന്റെ ആത്മാവറിഞ്ഞ്, സുസ്ഥിര കൃഷിരീതികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ദീര്‍ഘദര്‍ശിയായ വലിയ ശാസ്ത്രജ്ഞനെ രാജ്യം എന്നും ആദരവോടെ ഓര്‍മിക്കും.
വിദേശത്തെ ഗവേഷണ ജീവിതത്തിനുശേഷം കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പത്രമാധ്യമങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം നിരന്തരം എഴുതി.
കാര്‍ഷിക ശാസ്ത്രത്തിന്റെ ‘ബൈബിള്‍’ എന്നറിയപ്പെടുന്ന പ്രശസ്ത അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ‘അഡ്വാന്‍സസ് ഇന്‍ അഗ്രോണമി’ എന്ന ജേണലിലേക്ക് എട്ടുതവണ ലേഖനങ്ങള്‍ എഴുതാന്‍ ക്ഷണം ലഭിച്ച ഏക ശാസ്ത്രജ്ഞന് എന്ന ബഹുമതി ഡോ. കെ.പി. പ്രഭാകരന്‍നായരുടെ പേരിലാണ്.
മണ്ണിന്റെ ഫലഭൂയിഷ്ഠത കൃത്യമായി അളക്കാനും രാസവളങ്ങളുടെ അമിതോപയോഗം കുറയ്ക്കാനുമായി അദ്ദേഹം വികസിപ്പിച്ചെടുത്ത ‘ന്യൂട്രിയന്റ് ബഫര്‍ പവര്‍ കണ്‍സെപ്റ്റ്’ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ വിപ്ലവകരമായ മണ്ണ് പരിപാലന രീതി റോയല്‍ സ്വീഡിഷ് അക്കാദമിയുടെ ആള്‍ട്ടര്‍നേറ്റീവ് നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടു.
മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജന വിളകളുടെ കൃഷിരീതികളെയും സമ്പദ്വ്യവസ്ഥയെയുംകുറിച്ച് അന്താരാഷ്ട്ര പ്രസാധകര് വഴി നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രീയ ഇ-ബുക്ക് പുറത്തിറക്കിയെന്ന ബഹുമതിയും മറ്റാര്‍ക്കുമല്ല. ആഗോളതാപനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം 2015ല്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് പ്രകാശനം ചെയ്തത്. ബെല്‍ജിയത്തിലെ റോയല്‍ സൊസൈറ്റിയിലും നാഷണല്‍ സയന്‍സ് ഫൗണ്ടേഷനിലും പ്രഫസറായും ജര്‍മനിയിലെ അലക്സാണ്ടര്‍ ഫോണ്‍ ഹുംബോള്‍ട്ട് ഫൗണ്ടേഷനില്‍ സീനിയര്‍ ഫെല്ലോയായും സേവനം ചെയ്യാന്‍ തക്കവണ്ണം പ്രഗത്ഭനായിരുന്നു. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ ‘നാഷണല്‍ ചെയര്‍’ പദവി വഹിച്ച ആദ്യത്തെ ഏഷ്യന്‍ ശാസ്ത്രജ്ഞനും അദ്ദേഹമാണ്. കാമറൂണ്‍ റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ ഉന്നത പദവികള്‍ വഹിച്ച അദ്ദേഹം, റോബര്ട്സണ് മെമ്മോറിയല്‍ സ്വര്‍ണമെഡല്‍ ഉള്‍പ്പടെ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഡോ. എം.എസ്. സ്വാമിനാഥന്റെ ശക്തനായ വിമര്ശകന്
ഹരിത വിപ്ലവനായകന് ഡോ. എം.എസ്. സ്വാമിനാഥന്റെ കാര്‍ഷിക നയങ്ങളുടെയും മാതൃകകളുടെയും ശക്തമായ വിമര്‍ശകനായിരുന്നു ഡോ. പ്രഭാകരന് നായര്‍. സ്വാമിനാഥന് മുന്നോട്ടുവച്ച പല നയങ്ങളും ചെറുകിട കര്‍ഷകരെ കടക്കെണിയിലേക്കും പ്രതിസന്ധിയിലേക്കുമാണ് നയിച്ചതെന്ന് അദ്ദേഹം നിരന്തരം ചൂണ്ടിക്കാണിച്ചു. അത്യുത്പാദനശേഷിയുള്ള വിത്തുകള്‍ക്കൊപ്പം രാസവളങ്ങളും കീടനാശിനികളും വ്യാപകമായി ഉപയോഗിക്കുന്നത് മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ഠത നശിപ്പിക്കുമെന്നും ഇത് ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം ശക്തമായി വാദിച്ചു. മണ്ണിന്റെ സ്വാഭാവിക ശേഷി മനസിലാക്കി വളപ്രയോഗം നടത്തിയാല്‍ അനാവശ്യ ചെലവുകളും കര്‍ഷകരുടെ സാമ്പത്തിക ബാധ്യതയും ഒഴിവാക്കാമെന്ന വാദം ശരിയാണെന്ന് പിന്നീട് കാലം തെളിയിച്ചു.
ഹരിത വിപ്ലവം ദോഷമുണ്ടാക്കുമെന്ന വാദത്തിനിടെ, മണ്ണിലെ പോഷകങ്ങളുടെ ലഭ്യത നിര്‍ണയിക്കുന്നതിനായി ‘ന്യൂട്രിയന്റ് ബഫര്‍ പവര്‍’ എന്ന ശാസ്ത്രീയ ആശയം അദ്ദേഹം രൂപപ്പെടുത്തി. രാസവളങ്ങളെ അമിതമായി ആശ്രയിക്കുന്ന ഹരിതവിപ്ലവ കൃഷിരീതികള്‍ക്കു വലിയൊരു ശാസ്ത്രീയ വെല്ലുവിളിയായിരുന്നു ഇത്. മണ്ണിന്റെ സ്വാഭാവികശേഷി മനസിലാക്കി വളപ്രയോഗം നടത്തിയാല്‍ അനാവശ്യമായ രാസവള പ്രയോഗം ഒഴിവാക്കാമെന്നും കര്‍ഷകരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാമെന്നും അദ്ദേഹം തെളിയിച്ചു.
അമേരിക്കന്‍ കമ്പനിയായ മൊണ്‍സാന്റോയുമായി സഹകരിച്ച് ഇന്ത്യ വികസിപ്പിച്ച ‘ബിടി വഴുതന’ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചപ്പോള്‍ അതുസംബന്ധിച്ച വിഷയങ്ങള്‍ പഠിക്കുന്നതിനായി സുപ്രീംകോടതി നിയമിച്ച സ്വതന്ത്ര വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു ഡോ. കെ.പി. പ്രഭാകരന്‍നായര്‍. ഈ വിഷയത്തില്‍ ഇന്ത്യയിലെ സുപ്രധാനമായ ശാസ്ത്ര-നയരൂപീകരണ ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബിടി വഴുതനയുടെ സുരക്ഷാ പരിശോധനകളിലെ പോരായ്മകള്‍ ഡോ. കെ.പി. പ്രഭാകരന്‍നായരുടെ നേതൃത്വത്തിലുള്ള സമിതി ചൂണ്ടിക്കാണിച്ചു.
ബിടി വഴുതനയ്ക്ക് അനുമതി നല്‍കുന്നതിനായി സമര്‍പ്പിച്ച സുരക്ഷാ റിപ്പോര്‍ട്ടുകളും പരീക്ഷണരീതികളും അപൂര്‍ണവും അശാസ്ത്രീയവുമാണെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. ജനിതകമാറ്റം വരുത്തിയ വിളകള്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നതിന് കുറ്റമറ്റതും സുതാര്യവുമായ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ അനിവാര്യമാണെന്ന സമിതി അധ്യക്ഷന്റെ വാദം ഒടുവില്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു. 2010 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ബിടി വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനിശ്ചിതകാല മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. ആയിരക്കണക്കിനു തനത് വഴുതന ഇനങ്ങളുടെ ഉറവിടമാണ് ഇന്ത്യ. അവിടേക്ക് ജനിതകമാറ്റം വരുത്തിയ ഇനങ്ങള്‍ പരീക്ഷിക്കുന്നത് തനത് ഇനങ്ങളുടെ ജനിതകശുദ്ധി നശിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ വാദം ശരിയാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.