തൊടുപുഴ: മലങ്കര ജലാശയത്തിലും തൊടുപുഴയാറിലും അടിഞ്ഞുകൂടിയ മണലും ചെളിയും ശാസ്ത്രീയമായി നീക്കം ചെയ്യുന്നത് പ്രളയഭീഷണി കുറയ്ക്കാന്‍ സഹായിക്കുമോ എന്നതു സംബന്ധിച്ച് സമഗ്രമായ പഠനം നടത്തണമെന്ന് കേരള കോണ്‍ഗസ്-എം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഉയരുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണിത്. 2018ലെ പ്രളയത്തിനുശേഷം വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ മണ്ണും മണലും അടിഞ്ഞുകൂടിയിട്ടുണ്ടെന്നും ഇത് നദിയുടെയും ജലാശയത്തിന്റെയും ജലസംഭരണശേഷിയെയും നീരൊഴുക്കിനെയും ബാധിച്ചിട്ടുണ്ടാകാമെന്നുമാണ് വിലയിരുത്തല്‍.
മണലും ചെളിയും ശാസ്ത്രീയമായി നീക്കം ചെയ്താല്‍ ജലത്തിന്റെ ഒഴുക്ക് സുഗമമാക്കാനും വെള്ളപ്പൊക്കസാധ്യത കുറയ്ക്കാനും കഴിയും. നീക്കം ചെയ്യുന്ന മണല്‍ നിയമാനുസൃതമായി ഉപയോഗപ്പെടുത്താനായാല്‍ നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തു ലഭിക്കുന്നതിനൊപ്പം സര്‍ക്കാരിന് വരുമാനവും ലഭിക്കും.
മലനിരകളിലെ മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്നതിനുള്ള സ്വാഭാവിക സംവിധാനങ്ങള്‍ കുറഞ്ഞതും മല മേഖലകളുടെ നാശവും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. ശക്തമായ മഴയില്‍ മലമേഖലകളില്നിന്ന് മണ്ണും ചെളിയും പാറകളും മറ്റും താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നതും നദികളിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിന് കാരണമാകുന്നു.
ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മണല്‍വാരല്‍ സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രഫ.കെ. ഐ. ആന്റണി, അഗസ്റ്റിന് വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്,അനില്‍ രാഘവന്, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, അംബിക ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.=