ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കുടുംബകൂട്ടായ്മ, ബൈബിള്‍ അപ്പോസ്തലേറ്റ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബൈബിൾ വചന മനഃപാഠ പഠനസംഗമമായ നൂറുമേനി സീസണ് 4 സമാപന സമ്മേളനവും ഗ്രാന്‍ഡ് ഫിനാലെയും 11, 12 തീയതികളില്‍ എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുമെന്ന് ബൈബിള്‍ അപ്പൊസ്തലേറ്റ് അതിരൂപത ഡയറക്ടര്‍ ഫാ. ഡോ. കുര്യന് മൂലയില്‍, നൂറുമേനി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍ എന്നിവര്‍ അറിയിച്ചു.
തിരുവനന്തപുരം മുതല്‍ കോട്ടയം വരെ അഞ്ച് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന അതിരൂപതയിലെ 250 ഇടവകകളില്‍നിന്നായി ഇടവക, ഫൊറോനാ, റീജിയൻ, അതിരൂപതാ തലത്തില്‍ വിജയികളായ അയ്യായിരത്തോളം പേരാണ് 12ന് നടക്കുന്ന നൂറുമേനി സീസണ്-4 സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അതിരൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ.ഡോ. ജോജു കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തും.
നൂറുമേനി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.ഡോ. കുര്യന് മൂലയില്‍, സംസ്ഥാന ബാലാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ സിസിലി ജോസഫ്, ഫാ.ഡോ. ജോര്‍ജ് ഇലഞ്ഞിക്കല്‍, സിസ്റ്റര്‍ ജെയ്സലി, നൂറുമേനി ജനറല്‍ കണ്‍വീനര്‍മാരായ പ്രഫ. ജോസഫ് ടിറ്റോ, ഡോ. ജോബിന് എസ്. കൊട്ടാരം, ബൈബിള്‍ അപ്പോസ്തലേറ്റ് കണ്‍വീനര്‍ ഡോ. പി. സി. അനിയന്‍കുഞ്ഞ്, ടോമിച്ചന് കൈതക്കളം എന്നിവര്‍ പ്രസംഗിക്കും. ഡോ. റൂബിള്‍ രാജാണ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് നേതൃത്വം നല്‍കുന്നത്. നൂറുമേനി ഒന്നു മുതല്‍ മൂന്നു വരെ സീസണുകള്‍ക്ക് നേതൃത്വം നല്കിയ ഫാ. ജോര്‍ജ് മാന്തുരുത്തിയിലിനെ സമ്മേളനത്തില്‍ ആദരിക്കും.
ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്ക്കുന്നവര്‍
ലിസമ്മ ജോസഫ് നൂററെട്ടില് ആൻഡ് ടീം (കുട്ടനാട് റീജിയന്), വര്‍ഗീസ് കുരുവിള കുന്നുംപുറത്ത് ആന്‍ഡ് ടീം (കോട്ടയം റീജിയന്), കാര്‍മല്‍ ജോസ് മാറട്ടുകളം ആന്‍ഡ് ടീം (ചങ്ങനാശേരി റീജിയന്), ജിസാ ജോര്‍ജ് കൂരിക്കാട് ആന്‍ഡ് ടീം (നെടുംകുന്നം റീജിയന്), എന്‍.എഫ്. ഫ്രാന്‍സിസ് നാഞ്ഞിലത്ത് (തിരുവനന്തപുരം റീജിയന്) എന്നിവരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്ക്കുന്നത്. സിസ്റ്റര്‍ മാര്‍ഗരറ്റ് മരിയ, ബിജി ജോസഫ് പുഷ്പകത്ത് കാലായില്‍ എന്നിവരെ വചനതാരം അവാര്‍ഡ് നല്കി ആദരിക്കും.