കാസര്‍ഗോഡ്: കേരളത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കുന്ന അന്തര്‍സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കുമ്പള പോലീസിന്റെ പിടിയിലായി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ഗോഡ്വിന് ചാക്കോ (33) ആണ് കര്‍ണാടകയിലെ മടിക്കേരിയില്‍ പിടിയിലായത്.
മൈസൂരുവിലെ ഒളിത്താവളം വളഞ്ഞ പോലീസിനെ വെട്ടിച്ച് അപ്പാര്‍ട്ട്മെന്റിന്റെ ഗേറ്റ് വാഹനമിടിച്ച് തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ നീണ്ട ചേസിംഗിനൊടുവിലാണ് അന്വേഷണസംഘം കുടുക്കിയത്. ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 3.35നു മംഗല്പാടി സോങ്കാലിലായിരുന്നു കേസിനാസ്പദമായ ആദ്യ അറസ്റ്റ്. കാറില്‍ അനധികൃത വില്പയ്ക്കായി കടത്തുകയായിരുന്ന 53.980 ഗ്രാം എംഡിഎംഎ കുമ്പള എസ്ഐ അനന്തകൃഷ്ണനും സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു. വാഹനം സഹിതം ഒന്നാംപ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കുമ്പള സ്റ്റേഷനില്‍ എന്‍ഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അറസ്റ്റിലായ ഒന്നാംപ്രതിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മയക്കുമരുന്ന് കൈമാറിയത് രണ്ടാംപ്രതിയായ ഗോഡ്വിന് ആണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ വിദഗ്ധവും ശാസ്ത്രീയവുമായ അന്വേഷണത്തില്‍ ഇയാള്‍ ഭാര്യയുമൊത്ത് മൈസൂരുവിലെ ഉളിക്കര സുവാരി ഗാര്‍ഡനിലുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ ഒളിച്ചുതാമസിക്കുന്നതായി കണ്ടെത്തി. മൈസൂരു പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം അപ്പാര്‍ട്ട്മെന്റില്‍ എത്തിയെങ്കിലും പോലീസിനെ കണ്ടയുടന്‍ ഇയാള്‍ സ്വന്തം വാഹനത്തില്‍ അപ്പാര്‍ട്ട്മെന്റിന്റെ ഗേറ്റ് തകര്‍ത്ത് പുറത്തേക്ക് കുതിക്കുകയായിരുന്നു.
ഉടന്‍ തന്നെ കുമ്പള ഇന്‍സ്പെക്ടര്‍ വിവരം കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭരത് റെഡ്ഡിയെ അറിയിച്ചു. സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കിയ ജില്ലാ പോലീസ് മേധാവി അര്‍ധരാത്രിയില്‍ തന്നെ കര്‍ണാടകയിലെ മാണ്ഡ്യ, മൈസുരു, കുടക് ജില്ലാ പോലീസ് മേധാവിമാരെ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറുകയും പ്രതിയെ പിടികൂടാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു.
കുമ്പള പോലീസും മാണ്ഡ്യ, മൈസൂരു, കുടക് ജില്ലാ പോലീസിന്റെയും സംയുക്തമായ തെരച്ചിലിനൊടുവില്‍ മടിക്കേരിയില്‍ നിന്നു പ്രതിയെ വാഹനം സഹിതം പോലീസ് സംഘം സാഹസികമായി വളഞ്ഞുപിടിക്കുകയായിരുന്നു. കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് ഇതോടെ പിടിയിലായത്. കാസര്‍ഗോഡ് എഎസ്പി അച്യുത് അശോക്, കുമ്പള എസ്എച്ച്ഒ ബൈജു കെ.ജോസ്, എസ്ഐ അനന്തകൃഷ്ണന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കിഷോര്‍, ഡ്രൈവര്‍ സിപിഒ ജാബിര്‍ എന്നിവരടങ്ങിയ സംഘമാണ് കര്‍ണാടകയിലെത്തി പ്രതിയെ പിടികൂടിയത്.