ന്യൂഡല്‍ഹി: ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2027ലെ പട്ടികയില്‍ ആദ്യ നൂറില്‍ ഇന്ത്യയില്‍നിന്ന് ഒറ്റ സര്വകലാശാലകള്ക്കുപോലും ഇടം നേടാന്‍ സാധിച്ചില്ല. വിദ്യാര്‍ഥികള്‍ക്കും തൊഴില്ദാതാക്കള്ക്കുമിടയില് ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ള ആഗോള യൂണിവേഴ്സിറ്റി റാങ്കിംഗ് ഏജന്‍സിയുടെ ആദ്യ ഇരുനൂറിനുള്ളിലെ റാങ്ക് നേടാന്‍ പോലും സാധിച്ചത് മൂന്ന് ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്കു മാത്രമാണ്.
65.7 സ്കോറുമായി 118-ാം റാങ്ക് നേടിയ ഡല്‍ഹി ഐഐടിയും 63.9 സ്കോറുമായി 134-ാം റാങ്ക് നേടിയ ബോംബെ ഐഐടിയും 59.3 സ്കോറുമായി 170-ാം റാങ്ക് നേടിയ മദ്രാസ് ഐഐടിയുമാണ് റാങ്കിംഗില്‍ ആദ്യ ഇരുനൂറിനുള്ളില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സര്‍വകലാശാലകള്‍. ഖരഗ്പുര്‍ ഐഐടി 205-ാം സ്ഥാനത്തും ബംഗളൂരു ഐഐടിയും കാണ്‍പുര്‍ ഐഐടിയും 221-ാം സ്ഥാനത്തുമുണ്ട്.
ആഗോളതലത്തില്‍ അമേരിക്കയിലെയും യുകെയിലെയും സര്‍വകലാശാലകളാണ് ഇത്തവണയും മുന്‍നിരയിലുള്ളത്. 100 സ്കോറുമായി യുഎസിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്ത് 99.2 സ്കോറുകളുമായി ഇംപീരിയല്‍ കോളജ് ലണ്ടനും യുകെയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമാണ്. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡും യുഎസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയും യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്.
ലോകമെമ്പാടുമുള്ള 1,500ലധികം സര്‍വകലാശാലകളെ വിശദമായി വിലയിരുത്തിയാണ് ക്യുഎസ് റാങ്കിംഗ് തയാറാക്കുന്നത്. യൂണിവേഴ്സിറ്റികളുടെ മികച്ച പ്രകടനം വിലയിരുത്തുന്നതും റാങ്ക് നല്‍കുന്നതും അക്കാദമിക് പ്രശസ്തി, തൊഴില്‍സാധ്യതകള്‍, ബിരുദധാരികളുടെ നേട്ടങ്ങള്‍, ഗവേഷണ മികവ്, വിദ്യാര്‍ഥികളുടെ അനുഭവം, അന്താരാഷ്ട്ര അവസരങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ പരിശോധിച്ചാണ്.
യുകെ ആസ്ഥാനമായുള്ള ക്വാക്വരെല്ലി സൈമണ്ട്സ് എന്ന ഏജന്‍സിയുടെ കീഴിലാണ് ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് എല്ലാവർഷവും പുറത്തുവിടുന്നത്.