വൈപ്പിൻ: ബാർ ഹോട്ടലിൽ ഏറ്റുമുട്ടിയ സംഘത്തെ പിടിച്ചുമാറ്റാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെ ബിയർ കുപ്പികൊണ്ട് ആക്രമിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരനായ എടവനക്കാട് ഒളിപ്പറമ്പിൽ സരുൺ (32), സുഹൃത്ത് ഹാരിഷ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
തെക്കൻ മാലിപ്പുറം സീപോർട്ട് ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇവിടെ എത്തിയ ഏഴംഗസംഘം ഭക്ഷണം കഴിക്കാനെത്തിയ മറ്റൊരു സംഘവുമായി വാക്കേറ്റം ഉണ്ടായി. ഉന്തും തള്ളും നടക്കുന്നതിനിടെ പിടിച്ചുമാറ്റാൻ എത്തിയപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാർക്ക് പരിക്കേറ്റത്.
ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്ന ഏഴു പേർക്കെതിരെ ഞാറക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബാർ ഹോട്ടലിലെ സിസിടിവി കാമറകൾ പരിശോധിച്ചു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.