ഐഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി. വിൽപ്പന ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വലിയ ആവേശമാണ് ദൃശ്യമായത്.
സാകേതിലെ സെലക്ട് സിറ്റിവോക്ക് മാളിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ നേരം പുലരുന്നതിന് മുൻപ് തന്നെ നൂറുകണക്കിന് ആളുകളാണ് പുത്തൻ ഫോണുകൾ സ്വന്തമാക്കാനായി തടിച്ചുകൂടിയത്.
കഴിഞ്ഞ സെപ്റ്റംബർ 12 മുതൽ തന്നെ ഈ ഫോണുകളുടെ പ്രീ-ഓർഡർ ആരംഭിച്ചിരുന്നു. സ്റ്റോർ തുറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് എത്തി കസേരകളിൽ കാത്തിരുന്ന ഉപഭോക്താക്കൾ, പുതിയ മോഡലുകൾ ആദ്യമായി കയ്യിലെത്തിക്കാനുള്ള മത്സരത്തിലായിരുന്നു.
നിലവിൽ മുൻതലമുറ ഫോണുകൾ ഉപയോഗിക്കുന്നവർ പോലും മികച്ച ഫീച്ചറുകൾ കണ്ടറിഞ്ഞ് പുതിയ 1TB പതിപ്പ് സ്വന്തമാക്കാൻ നേരത്തെ തന്നെ ബുക്കിംഗ് പൂർത്തിയാക്കി എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ക്യാമറ, ബാറ്ററി, കാര്യക്ഷമത, സിറി അടിസ്ഥാനമാക്കിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലാണ് ഇത്തവണ ആപ്പിൾ വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്.
പ്രത്യേകിച്ച് ഫോട്ടോഗ്രാഫർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ഉപകാരപ്പെടുന്ന രീതിയിൽ വേരിയബിൾ അപർച്ചർ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ പുതിയ ക്യാമറയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് ആപ്പിളിന്റെ വേൾഡ് വൈഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്വിയാക് വ്യക്തമാക്കി.
ഇന്ത്യയിൽ ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപയും പ്രോ മാക്സ് മോഡലിന് 1,79,900 രൂപയുമാണ് ആരംഭ വില വരുന്നത്. പുലർച്ചെ മുതൽ മാളിന് മുന്നിൽ രൂപപ്പെട്ട നീണ്ട ക്യൂവിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും നിലവിൽ സമൂഹമാധ്യമങ്ങളിലും വലിയ തോതിൽ ശ്രദ്ധ നേടുന്നുണ്ട്.