കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളുടെ അമ്മമാര്‍ക്ക് അവരുടെ നൈപുണ്യത്തിന് അനുസൃതമായി ചിട്ടപ്പെടുത്തിയ പ്രത്യേക സ്വയംതൊഴില്‍ പരിശീലനം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍ദേശിച്ചു.
ഗ്രാമീണ സ്വയംതൊഴില്‍ സംരംഭകത്വ വികസന പരിശീലന സ്ഥാപനമായ വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ (ആര്-സെറ്റി) രണ്ടാംപാദ വാര്‍ഷിക അവലോകന യോഗത്തിലാണ് കളക്ടർ നിര്‍ദേശം നല്‍കിയത്. സഹജീവനം സ്നേഹഗ്രാമം പദ്ധതിയുടെ ഗുണഭോക്താക്കളായ അമ്മമാര്‍ക്കായി ജില്ലാ ഭരണകൂടം, എന്‍ഡോസള്‍ഫാന്‍ സെല്‍, നബാര്‍ഡ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുക.
വെള്ളിക്കോത്ത് പരിശീലനകേന്ദ്രം വഴി ഇതുവരെ 424 പരിശീലന പരിപാടികളിലായി 10,471 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതില്‍ 6,257 പേര് വിവിധ സ്വയംതൊഴില്‍-സംരംഭക മേഖലകളിലേക്ക് പ്രവേശിച്ചു. നിലവില്‍ 32 പേര് കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നേടിവരുന്നുണ്ട്. തയ്യല്‍ പരിശീലനം, മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസിംഗ്, ഫാസ്റ്റ് ഫുഡ് സ്റ്റാള്‍, അച്ചാര്‍-പപ്പടം-കറി പൗഡര്‍ നിര്‍മാണം, ബ്യൂട്ടീഷന് കോഴ്സ്, സിസിടിവി ഇന്സ്റ്റാളേഷന് ആന്‍ഡ് സര്‍വീസിംഗ്, ഫോട്ടോഗ്രഫി ആന്‍ഡ് വീഡിയോഗ്രഫി, ജ്വല്ലറി മേക്കിംഗ്, പേപ്പര്‍ കവര്‍-എന്‍വലപ്പ് ആന്‍ഡ് ഫയല്‍ മേക്കിംഗ്, ജനറല്‍ ഇഡിപി, മ്യൂറല്‍ പെയിന്റിംഗ് തുടങ്ങിയ മേഖലകളിലാണ് കേന്ദ്രം പ്രധാനമായും പരിശീലനം നല്‍കുന്നത്. വരുന്ന പാദവര്‍ഷത്തില്‍ പപ്പടം, അച്ചാര്‍, മസാലപ്പൊടി നിര്‍മാണം, ഫാസ്റ്റ് ഫുഡ് സ്റ്റാള്‍, സിസിടിവി കാമറ-സെക്യൂരിറ്റി അലാം ഇന്സ്റ്റാളേഷന് ആന്‍ഡ് സർവിസ്, പൊതു സംരംഭകത്വ പരിശീലന പരിപാടികള്‍ തുടങ്ങി വിവിധ കോഴ്സുകള്‍ സംഘടിപ്പിക്കും.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്ന യോഗത്തില്‍ ആര്‍സെറ്റി ഡയറക്ടര്‍ ജോസ് സെബാസ്റ്റ്യന്‍, നബാര്‍ഡ് ഡിഡിഎം കെ.എസ്. ഷാരോണ്‍വാസ്, കാസര്‍ഗോഡ് ടിഡിഒ കെ. മധുസൂധനന്, ഡിഐസി അസി. ഡയറക്ടര്‍ ഹരികൃഷ്ണന്, കെ. ദീപക്, ഫാക്കല്‍റ്റിമാരായ ലിന്‍ഡ ലൂയിസ്, കെ.വി. പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.