നെടുങ്കണ്ടം: കല്ലാർ ടൂറിസം പദ്ധതി യാഥാർഥ്യമാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് സേനാപതി വേണു എംഎൽഎ. കല്ലാർ ടൂറിസം പദ്ധതിയുടെ സാധ്യതകൾ സംബന്ധിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എംഎൽഎ പ്രതികരിച്ചത്. കല്ലാറിൽ ടൂറിസം വികസനത്തിന് വലിയ സാധ്യതകളാണുള്ളതെന്ന് എംഎൽഎ പറഞ്ഞു.
നിർദിഷ്ട ടൂറിസം പദ്ധതിയിൽ വിവിധ സൗകര്യങ്ങൾ ഒരുക്കുന്നത് പ്രയോജനകരമാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് ഇതു മുതൽക്കൂട്ടാകുമെന്നും എംഎൽഎ വ്യക്തമാക്കി. കല്ലാർ ഡാമും പരിസരപ്രദേശങ്ങളും പ്രകൃതിഭംഗിയാൽ സമ്പന്നമാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ഇവിടെ വിവിധ പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഡാമും പരിസര പ്രദേശങ്ങളും ഉൾപ്പെടുത്തി എന്തെല്ലാം ടൂറിസം വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നത് സംബന്ധിച്ച് ടൂറിസം വകുപ്പുമായി ചർച്ച നടത്തുമെന്നും എംഎൽഎ പറഞ്ഞു. കല്ലാറിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള നടപടികൾക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുമെന്നും സോനാപതി വേണു എംഎൽഎ അറിയിച്ചു.