കാനഡയിലെ ബ്രാംപ്റ്റണിൽ വൈകുന്നേരം നടക്കാനിറങ്ങിയ എഴുപത്തിയെട്ടുകാരിയെ കബളിപ്പിച്ച് പത്തു പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു.
ജൂലൈ ഇരുപത്തെട്ടിന് വൈകുന്നേരം ആറുമണിയോടെ ചിങ്ഗുവാകൂസി റോഡിന് സമീപമുള്ള റസിഡൻഷ്യൽ മേഖലയിലാണ് സംഭവം നടന്നത്.
അപരിചിതയായ ഒരു സ്ത്രീ അതിവിദഗ്ദ്ധമായി വയോധികയുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് വൻ കവർച്ച നടത്തിയത്. ഇംഗ്ലീഷ് സംസാരിക്കാൻ പ്രയാസമുള്ള വയോധിക, തന്നെ സമീപിച്ച സ്ത്രീയെ സമീപവാസിയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.
റോഡരുകിൽ നിർത്തിയ വണ്ടിയിൽ നിന്നിറങ്ങി വന്ന അപരിചിത, ബഹുമാനസൂചകമായി വയോധികയുടെ പാദങ്ങളിൽ തൊട്ടു വന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു.
ഈ സമയം കൊണ്ട് വയോധികയുടെ കഴുത്തിലുണ്ടായിരുന്ന യഥാർഥ സ്വർണമാലയ്ക്ക് പകരം കൃത്രിമ മാല ചാർത്തുകയും, കയ്യിലുണ്ടായിരുന്ന തങ്ക വളകൾ ഊരിയെടുക്കുകയുമായിരുന്നു.
സെക്കൻഡുകൾക്കുള്ളിൽ കവർച്ച പൂർത്തിയാക്കി സംഘം വാഹനത്തിൽ കടന്നുകളഞ്ഞു. ഏകദേശം ഇരുപതിനായിരം കനേഡിയൻ ഡോളർ വിപണിമൂല്യമുള്ള നൂറ്റിപ്പത്ത് ഗ്രാമോളം സ്വർണമാണ് നഷ്ടപ്പെട്ടത്.
എന്നാൽ സാമ്പത്തിക മൂല്യത്തേക്കാളേറെ വൈകാരികമായ വലിയൊരു ബന്ധമാണ് ഈ ആഭരണങ്ങളുമായി തങ്ങൾക്കുള്ളതെന്ന് വയോധികയുടെ മകൻ രാഘവേന്ദ്ര കുമാർ വ്യക്തമാക്കുന്നു.
സ്വർണപ്പണിക്കാരനായിരുന്ന തന്റെ പിതാവ് 1971-ലെ വിവാഹവേളയിൽ സ്വന്തം കൈകളാൽ തീർത്ത് അമ്മയ്ക്ക് സമ്മാനിച്ചതായിരുന്നു ഈ ആഭരണങ്ങൾ.
2008-ൽ അദ്ദേഹം അന്തരിച്ചതിനു ശേഷം പിതാവിന്റെ ഓർമ്മയായി സൂക്ഷിച്ചിരുന്ന വിലപ്പെട്ട സമ്പാദ്യമാണ് ഒറ്റനിമിഷം കൊണ്ട് കൈവിട്ടുപോയത്. മോഷണത്തിനു ശേഷം വീട്ടിലെത്തിയ വയോധിക കടുത്ത ആഘാതത്തിലായിരുന്നു.
ഹൃദ്രോഗിയായ ഇവർ ഭയം കാരണം അരമണിക്കൂറോളം ഒരു വാക്കുപോലും ഉച്ചരിക്കാനാകാതെ വിറച്ചുനിൽക്കുകയായിരുന്നുവെന്ന് മകൻ ഓർത്തെടുക്കുന്നു. മാനസികമായി തളർന്ന ഇവർ ഇപ്പോൾ സന്ധ്യാസമയങ്ങളിലെ പതിവ് നടത്തം പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണ്.
സംഭവസ്ഥലത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പീൽ റീജിയണൽ പൊലിസ് അന്വേഷണം ഊർജിതമാക്കി. വെള്ള നിറത്തിലുള്ള ഷെവർലെ ഇക്വിനോക്സ് കാറിലാണ് അക്രമികൾ എത്തിയതെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സമീപപ്രദേശമായ ടൊറന്റോയിലും സമാനമായ രീതിയിൽ ഒരു കവർച്ച നടന്നിട്ടുണ്ടെന്നും, രണ്ടിനും പിന്നിൽ ഒരേ സംഘമാണോ എന്ന് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.