കൊച്ചി: ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതിയായി (അപ്പസ്തോലിക് നുൺഷ്യോ) നിയമിതനായ ആർച്ച്ബിഷപ് ഡോ. വാൾഡെമാർ സ്റ്റനിസ്ലാവ് സൊമ്മെർടാഗിനെ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
വത്തിക്കാന്റെ നയതന്ത്ര സേവനരംഗത്തു ദീർഘകാലത്തെ പ്രവർത്തനപരിചയവും വിവിധ രാജ്യങ്ങളിലെ നയതന്ത്ര ദൗത്യങ്ങളിലൂടെ നേടിയ അനുഭവസമ്പത്തുമുള്ള ആർച്ച്ബിഷപ് വാൾഡെമാറിന്റെ സാന്നിധ്യം ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ശുശ്രൂഷാരംഗത്ത് ഏറെ അനുഗ്രഹപ്രദമാകുമെന്ന് മേജർ ആർച്ച്ബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.
പരിശുദ്ധ സിംഹാസനവുമായുള്ള പ്രാദേശിക സഭകളുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ വിവിധ സഭാ സമൂഹങ്ങൾക്കിടയിൽ സാഹോദര്യവും പരസ്പര സഹകരണവും വളർത്തുന്നതിനും പുതിയ സ്ഥാനപതിയുടെ നേതൃത്വവും ശുശ്രൂഷയും സഹായകമാകും.
ആർച്ച്ബിഷപ് വാൾഡെമാർ സൊമ്മെർടാഗിന്റെ പുതിയ ദൗത്യത്തിന് സീറോമലബാർ സഭയുടെ പ്രാർഥനകളും പൂർണമായ സഹകരണവും ഉറപ്പുനൽകുന്നതായും മാർ റാഫേൽ തട്ടിൽ അറിയിച്ചു.