കോട്ടയം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തെത്തെത്തുടര്ന്ന് വെള്ളം കയറിയ മേഖലകളില്‍ കുടുങ്ങിയ 2226 പേര്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലെത്താന്‍ അഗ്നിരക്ഷാ സേന കൈത്താങ്ങേകി.
വിവിധ വകുപ്പുകളുമായി ചേര്‍ന്നുള്ള സമയോചിത ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കാനും ദുരിതബാധിതര്‍ക്ക് വേഗത്തില്‍ ആശ്വാസമെത്തിക്കാനും സഹായിച്ചു.
ജില്ലയിലെ എട്ട് ഫയര്സ്റ്റേഷനുകളിലുമായി കഴിഞ്ഞ ഒന്നു മുതല്‍ ഇന്നലെ ഉച്ചവരെ സഹായം അഭ്യര്‍ഥിച്ചു 282 ഫോണ്‍ കോളുകളാണ് ലഭിച്ചത്. എല്ലായിടത്തും ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞതായി ജില്ലാ ഫയര്‍ ഓഫീസര്‍ റെനി ലൂക്കോസ് പറഞ്ഞു. ജില്ലയക്ക് പുറത്തു നിന്നുള്ളവരുള്‍പ്പെടെ അഞ്ഞൂറോളം സേനാംഗങ്ങളാണ് കനത്ത മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.
വളര്‍ത്തുമൃഗങ്ങളുടെ രക്ഷപ്പെടുത്തലും സംരക്ഷണവും ഉള്‍പ്പെടെയുള്ള ദൗത്യങ്ങളും വിജയകരമായി നിര്‍വഹിക്കാന്‍ സേനയ്ക്കു കഴിഞ്ഞു. ഉരുള്‍പൊട്ടല്‍ ഭീഷണി നേരിട്ട പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ റവന്യു, പോലീസ് സംവിധാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെയും അയര്‍ക്കുന്നത്തിനുസമീപം ഒഴുക്കില്‍പ്പെട്ട് കാണാതായയാളുടെ മൃതദേഹം സ്കൂബ ടീമിന്റെ സഹായത്തോടെയും അഗ്നിരക്ഷാ സേന കണ്ടെത്തി.
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.വീടുകളില്‍ കുടുങ്ങിക്കിടന്ന കിടപ്പുരോഗികളെ ഡിങ്കി ബോട്ടുകളില്‍ കരയ്ക്കെത്തിച്ച് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട വീടുകളിലും ക്യാമ്പുകളിലുമുള്ള കിടപ്പുരോഗികളെ പരിശോധിക്കുന്നതിനും പരിചരിക്കുന്നതിനുമായി ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘത്തെ അഗ്നി രക്ഷാ സേന ഡിങ്കി ബോട്ടുകളില്‍ എത്തിച്ചു.
അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരം അവിടെയുണ്ടായിരുന്ന മരുന്നുകള്‍ സുരക്ഷിതമായി മാറ്റുവാന്‍ സേനയ്ക്കു കഴിഞ്ഞു.
വാഹനസൗകര്യമില്ലാത്ത ദുരിതാശ്വാസ ക്യാമ്പുകളിലും ഒറ്റപ്പെട്ട വീടുകളിലും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും അഗ്നിരക്ഷാസേന മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. എല്‍പിജി സിലിണ്ടറുകളും കുടിവെള്ളവും ഡിങ്കി ബോട്ടുകളില്‍ എത്തിച്ചുനല്‍കി.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഡിങ്കി ബോട്ടുകള്‍ നശിച്ചതും ഫയര്‍ എന്‍ജിനുകള്‍ കേടായതുമടക്കം ലക്ഷങ്ങളുടെ നഷ്ടവും അഗ്നിരക്ഷാസേനയ്ക്കുണ്ടായി.