ന്യൂയോർക്ക്: ബേബി പൗഡറും മറ്റ് ടാൽക് അധിഷ്ഠിത ഉത്പന്നങ്ങളും അണ്ഡാശയ അർബുദത്തിന് കാരണമാകുന്നു എന്ന് ആരോപിച്ച് നൽകിയ കേസുകൾ ഒത്തുതീർപ്പാക്കാൻ ജോണ്സണ് ആൻഡ് ജോണ്സണ്.
കന്പനിയുടെ ഈ ഉത്പന്നങ്ങൾ അണ്ഡാശയ കാൻസറിനു കാരണമായെന്നാരോപിച്ച് യുഎസിൽ ഫയൽ ചെയ്ത പതിനായിരക്കണക്കിന് കേസുകൾ ഒത്തുതീർപ്പാക്കാൻ ഏകദേശം 550 കോടി ഡോളർ (5.5 ബില്യൺ) നൽകുമെന്ന് ജോണ്സണ് ആൻഡ് ജോണ്സണ് അറിയിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ന്യൂജഴ്സി ആസ്ഥാനമായുള്ള ഈ ഹെൽത്ത്കെയർ വന്പന്മാരെ വേട്ടയാടിക്കൊണ്ടിരുന്ന നീണ്ട നിയമപോരാട്ടത്തിനു വിരാമമിടുകയാണ് ഈ ചരിത്രപരമായ കരാർ ലക്ഷ്യമിടുന്നത്.
തങ്ങളുടെ ടാൽക് ഉത്പന്നങ്ങളിൽ ആസ്ബസ്റ്റോസ് അടങ്ങിയിട്ടുണ്ടെന്നും അത് മെസോതെലിയോമ (Mesothelioma) എന്ന രോഗത്തിന് കാരണമായെന്നും ആരോപിച്ച് ഫയൽ ചെയ്ത കേസുകളിൽ ഭൂരിഭാഗവും ജോണ്സണ് ആൻഡ് ജോണ്സണ് മുൻപുതന്നെ ഒത്തുതീർപ്പാക്കിയിരുന്നു.
തങ്ങളുടെ ടാൽക്ക് അധിഷ്ഠിത ഉത്പന്നങ്ങൾ കാൻസറിന് കാരണമായിട്ടുണ്ടെന്ന ആരോപണം ജോണ്സണ് ആൻഡ് ജോണ്സണ് നിഷേധിച്ചിട്ടുണ്ട്. ഒപ്പം തങ്ങളുടെ ജനപ്രിയ ബേബി പൗഡറിന്റെ ഫോർമുലകളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
ന്യൂജഴ്സിയിലെ ഫെഡറൽ കോടതിയിൽ ഒന്നിച്ചുചേർത്ത കേസുകളും വിവിധ സംസ്ഥാന കോടതികളിലുള്ള കേസുകളും ഉൾപ്പെടെ ഏകദേശം 76,000 കേസുകൾ ഈ ഒത്തുതീർപ്പിന്റെ പരിധിയിൽ വരുമെന്ന് കന്പനി വ്യക്തമാക്കി. കന്പനിക്കെതിരേ നിലവിലുണ്ടായിരുന്ന ഭൂരിഭാഗം ടാൽക് കേസുകളും ഇതിലൂടെ പരിഹരിക്കപ്പെടും.
പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിന് ശേഷമുള്ള നല്ലൊരു പരിഹാരമാണിതെന്ന് വ്യക്തമാക്കിക്കൊണ്ട് പരാതിക്കാരുടെ അഭിഭാഷക സ്ഥാപനങ്ങൾ ഒത്തുതീർപ്പ് സ്ഥിരീകരിച്ചു. ഈ ഒത്തുതീർപ്പ് അന്തിമമാകണമെങ്കിൽ സ്റ്റേറ്റ് അല്ലെങ്കിൽ ഫെഡറൽ കോടതികളിലെ അണ്ഡാശയ കാൻസർ പ
രാതിക്കാരിൽ 95 ശതമാനം പേരെങ്കിലും അംഗീകരിക്കണം.
കന്പനിക്കെതിരേയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എങ്കിലും പ്രശ്നം പൂർണമായി പരിഹരിക്കുന്നതിനായി ഒത്തുതീർപ്പിനു തയാറാണെന്നും ജോണ്സണ് ആൻഡ് ജോണ്സന്റെ ലിറ്റിഗേഷൻ വൈസ് പ്രസിഡന്റ് എറിക് ഹാസ് പറഞ്ഞു.
അടുത്ത വർഷം 300 കോടി ഡോളർ നൽകുമെന്നും തുടർന്നുള്ള അടവുകൾ 2028ൽ തീർക്കുമെന്നും കന്പനി വ്യക്തമാക്കി. ഇതോടെ നിലവിലെ ഒത്തുതീർപ്പ് തുക 550 കോടി ഡോളറായാണ് കണക്കാക്കുന്നത്. അർഹരായ കൂടുതൽ പരാതിക്കാർ ഇതിൽ പങ്കാളികളായാൽ അന്തിമ തുക 700 കോടി ഡോളറിലെത്തിയേക്കാം.