തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലും കേരള രാഷ്ട്രീയത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട യാത്രയിലും നിര്‍ണായക പങ്കുവഹിച്ചവര്‍ ഒരേ വേദിയില്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് ഓര്‍മകളുടെയും അനുഭവങ്ങളുടെയും അപൂര്‍വ സംഗമമായി.
കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുന്‍ സ്പീക്കര്‍മാരും സാമാജികരും നിയമസഭാ സെക്രട്ടറിമാരും നിയമസഭയിലെ ശങ്കരനാരായണന് തമ്പി മെംമ്പേഴ്സ് ലോഞ്ചില്‍ ഒത്തുചേര്‍ന്ന് ജനാധിപത്യത്തിന്റെ പഴയകാല ഏടുകള്‍ വീണ്ടും തുറന്നു. നവകേരള നിര്‍മാണത്തില്‍ വിവിധ കാലങ്ങളില്‍ പങ്കുവഹിച്ചവരുടെ ഒത്തുചേരല്‍ ചരിത്രസ്മരണകള്‍ പുതുക്കുന്നതിനൊപ്പം പുതിയ കാലത്തേക്കുള്ള ജനാധിപത്യ ചിന്തകള്‍ക്കും വേദിയായി.
ചരിത്രം സൃഷ്ടിച്ചവരുടെ ഒത്തുചേരല്‍ പുതുചരിത്രം കുറിക്കുകയാണെന്ന് സംഗമത്തിന് വേദിയൊരുക്കിയ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
മുന്‍ സ്പീക്കര്‍ വി.എം. സുധീരന് സംഗമം ഉദ്ഘാടനം ചെയ്തു. മുന്‍ സ്പീക്കര്‍മാരായ തേറമ്പില്‍ രാമകൃഷ്ണന്, എം. വിജയകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ നിയമസഭയുടെ മഹനീയ പാരമ്പര്യവും തങ്ങളുടെ പ്രവര്‍ത്തനകാലത്തെ അനുഭവങ്ങളും ചടങ്ങില്‍ പങ്കുവച്ചു.
മുന്‍ സ്പീക്കര്‍മാര്‍, മുന്‍ നിയമസഭാംഗങ്ങള്‍, മുന്‍ നിയമസഭാ സെക്രട്ടറിമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, നിയമസഭാ ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ സ്നേഹസംഗമത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ മുന്‍ സ്പീക്കര്‍മാരെയും മുതിര്‍ന്ന നിയമസഭാംഗങ്ങളെയും മുന്‍ സെക്രട്ടറിമാരെയും മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സണ്ണിക്കുട്ടി ഏബ്രഹാമിനെയും സ്പീക്കര്‍ ആദരിച്ചു.