ചാലക്കുടി: പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം കേരള ഷോളയാറിൽ ലഭിക്കേണ്ട ജലവിഹിതത്തിൽ വലിയ കുറവ് വന്നിട്ടുള്ള പശ്ചാത്തലത്തിൽ ചാലക്കുടിപ്പുഴത്തടം അതിരൂക്ഷമായ ജലക്ഷാമതിലേക്കാണ് നീങ്ങുന്നതെന്ന് ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം ചൂണ്ടിക്കാട്ടി. പിഎപി കരാർ പ്രകാരം കേരള ഷോളയാറിൽ ഒരു വർഷം 348 ദശലക്ഷം ഘനമീറ്റർ ജലമാണ് ലഭി ക്കേണ്ടത്. ജൂലൈ ഒന്നിനും ജനുവരി 31നും ഇടയിലാണ് ഈ ജലം ലഭിക്കേണ്ടത്. നടപ്പുവർഷം പക്ഷേ ജൂലൈ ഒന്നു മുതൽ നവംബർ നാലുവരെ 55 ശതമാനം ജലം മാത്രമേ ലഭിച്ചിട്ടുള്ളൂ. നിലവിൽ ജലസംഭരണിയിലുള്ള 130 ദശലക്ഷം ഘനമീറ്റർ ജലവും ജൂലൈ ഒന്നു മുതൽ നവംബർ നാലുവരെ വൈദ്യുതി ഉത്പാദിപ്പിക്കാനായി ഉപയോഗപ്പെടുത്തിയ 60 ദശലക്ഷം ഘനമീറ്റർ ജലവും ഉൾപ്പെടെ ആകെ 190 ദശലക്ഷം ഘനമീറ്റർ.
തമിഴ്നാട് ഷോളയാർ റിസർവോയറിൽ നിലവിൽ കേവലം 35 ദശലക്ഷം ഘനമീറ്റർ ജലമേ അവശേഷിക്കുന്നുള്ളൂ എന്നതിനാൽ കേരളത്തിന് ലഭിക്കേ ണ്ട 158 ദശലക്ഷം ഘനമീറ്റർ ജലത്തിന്റെ പകുതിയെങ്കിലും ലഭിക്കണമെങ്കിൽ തന്നെ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
പിഎപി കരാർ പ്രകാരം ഷോളയാറിൽ കേരളത്തിന് അവകാശപ്പെട്ട ജലം ലഭ്യമാക്കിയശേഷം മാത്രമേ തമിഴ്നാട്ടിൽനിന്നും പറമ്പിക്കുളത്തേക്ക് വെള്ളം തിരിച്ചുകൊണ്ടു പോകാൻ അവകാശമുള്ളൂ. എന്നാൽ കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഇതിനകംതന്നെ തമിഴ്നാട് ഏറെ വെള്ളം കൊണ്ടുപോയി കഴിഞ്ഞു. തമിഴ്നാട് ഷോളയാർ റിസർവോയറിൽ ഇപ്പോൾ അവശേഷിക്കുന്ന വെള്ളവും നീരാറിൽനിന്ന് തിരിച്ചുകൊണ്ടുവരുന്നത് ഉൾപ്പെടെ ഇനി അവിടേക്ക് ഒഴുകിയെത്തുന്ന മുഴുവൻ വെള്ളവും കേരള ഷോളയാറിലേക്ക് തുറന്നു വിടുവാൻ വേണ്ട നടപടികൾ സർക്കാർ കൈ ക്കൊള്ളണം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മറ്റു മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകുവാൻ തീരുമാനിച്ചു. വരാനിരിക്കുന്ന വരൾച്ചയെ നേരിടുവാനുള്ള മാർഗങ്ങൾ ചർച്ചചെയ്യു ന്നതിനായി ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ടു.