aകരുമാലൂർ : ആലുവ–പറവൂർ കെഎസ്ആർടിസി റോഡിൽ കരുമാലൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിൽ. കരുമാല്ലൂർ മരോട്ടിച്ചുവട് ഭാഗത്തെ കലുങ്ക് നിർമാണം ആരംഭിച്ചിട്ട് രണ്ടു മാസത്തോളമായെങ്കിലും പണി ഇനിയും പൂർത്തിയായിട്ടില്ല. നിർമാണം മന്ദഗതിയിൽ തുടരുന്നതിനാൽ പ്രവൃത്തി പൂർത്തിയാകാൻ ആഴ്ചകൾ വേണ്ടിവരും.
നിലവിൽ ഈ ഭാഗത്ത് ഒറ്റവരി ഗതാഗതം മാത്രമാണ് സാധ്യമാകുന്നത്. ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലിസിന്റെ സേവനം ലഭ്യമല്ലാത്തതിനാൽ ഇതരസംസ്ഥാന തൊഴിലാളികളാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്. എന്നാൽ രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ തൊഴിലാളികളുടെ നിർദേശങ്ങൾ പാലിക്കാതെ ഇരുവശത്തുനിന്നും വാഹനങ്ങൾ ഒരേസമയം പ്രവേശിക്കുന്നത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി യാത്ര ചെയ്യുന്ന വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് പൊലിസിനെ നിയോഗിക്കണമെന്നും നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.