ഡാളസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് സെന്റർ എ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലാമേളയിൽ മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
സെന്റ് പോൾസ് മാർത്തോമ്മ ചർച്ച് രണ്ടാം സ്ഥാനം നേടി. വിവിധ ഇടവകകളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത കലാമേള കലാപ്രതിഭകളുടെ മികവിനും ക്രൈസ്തവ കൂട്ടായ്മയുടെ ഐക്യത്തിനും വേദിയായി.
സെന്റർ പ്രസിഡന്റ് റവ. കെ.എം. മാത്യുവിന്റെ അധ്യക്ഷതയിൽ മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയിൽ വച്ച് നടത്തപ്പെട്ട കലാമേള റവ. എബ്രഹാം വി. സാംസണിന്റെ പ്രാർഥനയോടെ തുടക്കം കുറിച്ചു.
ബൈബിൾ ക്വിസ്, ഗ്രൂപ്പ് സോംഗ്, സോളോ സോംഗ്, മലയാളം, ഇംഗ്ലീഷ് പ്രസംഗം, ബൈബിൾ വായന, ഉപന്യാസരചന തുടങ്ങിയ ഇനങ്ങളിൽ വിവിധ ഇടവകകളിൽ നിന്നുള്ള മത്സരാർഥികൾ മാറ്റുരച്ച കലാമേളയ്ക്ക് കൺവീനർ ലിസി യോഹന്നാൻ, സെന്റർ സെക്രട്ടറി റീനി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ നേതൃത്വം നൽകി.