തിരുവനന്തപുരം: രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അഴിമതിവിവരങ്ങൾ പുറത്തുവരുന്നതു തടയാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം.
വിജിലൻസിലെ ഏറ്റവും സുപ്രധാനമായ ‘ടി സെക്ഷനെ’(ടോപ്പ് സീക്രട്ട് സെക്ഷൻ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് ആഭ്യന്തരവകുപ്പ് പുതിയ വിജ്ഞാപനമിറക്കിയത്. ഇതോടെ ഭരണ നേതൃത്വത്തിലും ഉന്നത ഉദ്യോഗതലങ്ങളിലുമുള്ളവർ പ്രതികളാകുന്ന കേസുകളിലെ രേഖകളും വിവരങ്ങളും ഇനി പൊതുജനങ്ങൾക്കു ലഭ്യമാകില്ല.
ഏതൊക്കെ കേസ് ഫയലുകളും വിവരങ്ങളുമാണ് ടി സെക്ഷനിലേക്കു മാറ്റേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം വിജിലൻസ് ഡയറക്ടർക്കു നൽകുന്നതാണ് പുതിയ തീരുമാനം.
നേരത്തേ വിവരാവകാശ പരിധിയിലായിരുന്ന ഈ സെക്ഷനെ മുന്‍പൊരിക്കൽ ഒഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിലും വലിയ പ്രതിഷേധങ്ങളെത്തുടർന്ന് 2022ൽ വീണ്ടും ഉൾപ്പെടുത്തുകയായിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വീണ്ടും പഴയ നിലപാടിലേക്കു സർക്കാർ മടങ്ങിയെത്തുന്നത്.
നിയമവിദഗ്ധരുടെ വിമർശനം
രാജ്യസുരക്ഷയെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ മാത്രമാണ് അതീവ രഹസ്യസ്വഭാവം പാലിക്കേണ്ടതെന്നും അല്ലാത്ത കേസ് രേഖകൾ രഹസ്യമായി സൂക്ഷിക്കുന്നത് അഴിമതിക്കാരെ സംരക്ഷിക്കാനേ ഉപകരിക്കൂവെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതും ഭരണഘടനാവിരുദ്ധവുമായ ഈ തീരുമാനം സർക്കാർ ഉടനടി പിൻവലിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.വിവരാവകാശ നിയമത്തിന്റെ യഥാർഥ സത്ത ചോർത്തിക്കളയുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു.
ഒഴിവാക്കിയത് രഹസ്യ സ്വഭാവമുള്ളതിനാൽ:രമേശ് ചെന്നിത്തല
വിജിലന്‍സ് അന്വേഷണം രഹസ്യസ്വഭാവമുള്ളതായതിനാലാണ് വിവരാവകാശത്തിന്റെ പരിധിയില്‍ നിന്നു ടി സെക്ഷൻ ഒഴിവാക്കിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിന് രഹസ്യാത്മകത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.