പാലക്കാട്: സംഘപരിവാറിന്റെ വർഗീയവും വിഷലിപ്തവുമായ ചിന്തകളെ പരാജയപ്പെടുത്താൻ യുവതലമുറ മുൻനിരയിലേക്ക് വരണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ സംസ്ഥാനതല നേതൃസംഗമമായ ‘ആർട്ടിക്കിൾ 17’ പാലക്കാട് മുണ്ടൂരിൽ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരെ ശുദ്ധരും അശുദ്ധരുമായി തരംതിരിച്ച് ജാതിയുടെ കോളങ്ങളിൽ തളച്ചിടാൻ ശ്രമിക്കുന്ന ഹീനമായ നീക്കങ്ങൾക്കെതിരേ സംസാരിക്കാൻ പ്രധാനമന്ത്രിപോലും തയാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
കേരളവും യൂത്ത് കോൺഗ്രസും വർഗീയ ചിന്തകൾക്കെതിരേ ശക്തമായ പ്രതിരോധമുയർത്തണം. രാജ്യം തിരുത്തലുകൾ ആവശ്യപ്പെട്ടപ്പോഴൊക്കെ ഡൽഹിയിലെ തെരുവുകളിൽ ഇറങ്ങി പോരാടിയ ചരിത്രമാണ് ഇന്ത്യയിലെ ചെറുപ്പക്കാർക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.