പാര്‍വതി തിരുവോത്തും വിജയരാഘവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ഡ്രാമ ത്രില്ലര്‍ "പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' തിയറ്ററുകളില്‍. പ്രകാശന് പറക്കട്ടെ, അനുരാഗം എന്നീ സിനിമകള്‍ക്കുശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രം വേറിട്ട ഒരു പൊലിസ് സ്റ്റോറിയാണ്. പി.എസ്. സുബ്രഹ്മണ്യന് എന്ന പൊലിസ് ഉദ്യോഗസ്ഥനും വിജേഷ് തോട്ടിങ്ങലുമാണു രചന. ഷഹദ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു...
പതിവു ട്രാക്കില്‍ നിന്ന് ഇന്‍വെസ്റ്റിഗേഷനിലേക്ക്..?
എപ്പോഴും, ആവേശംകൊള്ളിക്കുന്ന കഥകളാണ് ഇഷ്ടം. വൈകാരികമായോ മറ്റേതെങ്കിലും തരത്തിലോ അതുമായി കണക്ടായി, സിനിമയാക്കണമെന്ന തോന്നലുണ്ടാവണം. പ്രകാശനില്‍ റിയലിസ്റ്റിക് വില്ലേജ് കഥ, അനുരാഗത്തില്‍ മെട്രോയിലെ കളര്‍ഫുള്‍ റോംകോം. ആളുകളുടെ മുന്‍ധാരണകള്‍ക്കപ്പുറം എല്ലാ ജോണറുകളിലുമുള്ള സിനിമകള്‍ ചെയ്യണം.
കഥയുടെ ആശയം കിട്ടിയത്..?
സുഹൃത്തും "ഹെവന്‍' സിനിമയുടെ കോ റൈറ്ററുമായ പി.എസ്. സുബ്രഹ്മണ്യന് പറഞ്ഞ കഥയില്‍ നിന്നാണു തുടക്കം. അതിലൊരു അടിപൊളി ഐറ്റം ഉണ്ടെന്നുതോന്നി. കഥാപാത്രങ്ങളൊക്കെ നമ്മുടെ ഇടയിലുള്ള, നമുക്ക് അറിയാവുന്ന ആളുകളെന്നു പ്രേക്ഷകരെ വിശ്വസിപ്പിക്കാനാവണം. ഞങ്ങള്‍ ആ സ്ക്രിപ്റ്റില്‍ ഒരുമിച്ചിരുന്ന് അഞ്ചാറു മാസം വര്‍ക്ക് ചെയ്തശേഷമാണു ഷൂട്ടിംഗിലേക്കു പോയത്. അതിനിടെ കഥയിലും കഥാപാത്രങ്ങളിലും കഥയുടെ ഗതിവിഗതികളിലുമൊക്കെ മാറ്റങ്ങളുണ്ടായി.